"ചിദംബരം അറസ്റ്റിലായത് സന്തോഷവാർത്ത": ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജി

ഐ‌എൻ‌എക്സ് മീഡിയ അഴിമതി കേസിൽ മുൻ ധനമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്തത് സന്തോഷ വാർത്തയാണെന്ന് ജയിലിൽ കഴിയുന്ന ഐ‌എൻ‌എക്സ് മീഡിയ സഹസ്ഥാപക ഇന്ദ്രാണി മുഖർജി.

2007- ൽ ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്ററും ചേർന്ന് സ്ഥാപിച്ച മാധ്യമ കമ്പനിയായ ഐ‌എൻ‌എക്സ് മീഡിയയിലേക്ക് വിദേശ ഫണ്ടുകൾ വൻതോതിൽ നിക്ഷേപിക്കാൻ അധികാര ദുർവിനിയോഗം നടത്തി ധനമന്ത്രിയായിരുന്ന പി.ചിദംബരം സഹായിച്ചതായി ആണ് സിബിഐ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം വൻ തുക കൈക്കൂലിയായി വാങ്ങി എന്നും ആരോപണമുണ്ട്.

“പി ചിദംബരം അറസ്റ്റിലായി എന്നത് സന്തോഷ വാർത്തയാണ്,” മുംബൈ കോടതിക്ക് പുറത്ത് മുഖർജി പറഞ്ഞു എന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഇന്ദ്രാണിയുടെ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ മുംബൈയിലെ ജയിലിൽ കഴിയുന്ന മുഖർജിയാണ് ചിദംബരത്തിന്റെയും മകന്റെയും പേര് വെളിപ്പെടുത്തുന്നത്. ചിദംബരങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇന്ദ്രാണി മുഖർജി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

2015 ഓഗസ്റ്റിൽ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ഇന്ദ്രാണി മുഖർജി അറസ്റ്റിലാവുകയും പീറ്റർ മുഖർജിയെ സിബിഐ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഈ വർഷം ആദ്യം, ഇന്ദ്രാണി മുഖർജി വിടുതൽ ഹർജി ഫയൽ ചെയ്യുകയും പിന്നീട് ഐ‌എൻ‌എക്സ് മീഡിയ കേസിൽ സാക്ഷി ആവുകയും ചെയ്തു.

ഇന്ദ്രാണി മുഖർജി ഇപ്പോൾ മുംബൈയിലെ ബൈക്കുല്ല ജയിലിലാണ് താമസം. പീറ്റർ മുഖർജിയും ഇതേ കേസിൽ ജയിലിലാണ്.