കെട്ടിവെച്ച പണം തിരികെ വേണമെന്ന് സുപ്രീം കോടതിയില്‍ ചിദംബരത്തിന്റെ മകന്‍, പോയി മണ്ഡലത്തില്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി കോടതി

വിദേശത്ത് പോകാന്‍ കോടതിയില്‍ കെട്ടിവെച്ച പത്ത് കോടി രൂപ തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ഉപദേശവുമായി സുപ്രീം കോടതി. തത്കാലം മണ്ഡലത്തില്‍ ശ്രദ്ധിക്കാനാണ് കോടതി കാര്‍ത്തിയോട് നിര്‍ദ്ദേശിച്ചത്.

തമിഴ്‌നാട്ടിലെ ശിവഗംഗ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മൂന്ന് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാര്‍ത്തി വിജയിച്ചത്. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എച്ച് രാജയെ ആണ് കാര്‍ത്തി പരാജയപ്പെടുത്തിയത്. ഡിഎംകെ മുന്നണിയുടെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ മത്സരിച്ചത്.

വിദേശ നാണയവിനിമയ ചട്ടലംഘനമടക്കുമുള്ള കേസുകളില്‍ കാര്‍ത്തിയുടെ വിദേശയാത്ര വിലക്കുകയും പിന്നീട് വന്‍തുക കെട്ടിവെയ്ക്കാന്‍  ആവശ്യപ്പെടുകയുമായിരുന്നു. ഈ തുകയാണ് ഇപ്പോള്‍ തിരിച്ച് ആവശ്യപ്പെട്ടത്. പണം ലോണ്‍ എടുത്തതാണെന്നും പലിശ നല്‍കണമെന്നുമാണ് കാര്‍ത്തി കോടതിയില്‍ ന്യായം പറഞ്ഞത്.