'മഹത്തായ അദ്ധ്യായത്തിന് അന്ത്യം'; സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ ഇന്ത്യ കടുത്ത വേദന അനുഭവിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായം അവസാനിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ജമ്മു കശ്മീര്‍ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ അനുമോദിച്ചു കൊണ്ടുള്ള അവരുടെ അവസാന ട്വീറ്റിനെ കുറിച്ചും മോദി അനുസ്മരിച്ചു.

പാവപ്പെട്ടവരുടെയ ജീവിതം കൈപിടിച്ചുയര്‍ത്തുന്നതിനും പൊതുജനങ്ങളെ സേവിക്കുന്നതിനുമായി ജീവിതം ഉഴിഞ്ഞുവെച്ച ഉന്നതയായ നേതാവിന്റെ വേര്‍പാടില്‍ കേഴുകയാണ് ഇന്ത്യ. കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമായിരുന്നു സുഷമാ സ്വരാജ്- മോദി ട്വീറ്റ് ചെയ്തു.

മന്ത്രി എന്ന നിലയില്‍ എല്ലാ വകുപ്പുകളും ഉന്നത നിലവാരത്തോടെ കൈകാര്യം ചെയ്യാന്‍ സുഷമാ സ്വരാജിന് സാധിച്ചു. വിവിധ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കാണ് അവര്‍ വഹിച്ചത്. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള, പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി അവര്‍ നടത്തിയ അനുകമ്പ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നാം കണ്ടിട്ടുണ്ട്- മോദി ട്വീറ്റില്‍ അനുസ്മരിച്ചു.

രാഷ്ട്രീയ വ്യത്യാസമില്ലാതെ അവര്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. ബിജെപിയുടെ ആശയങ്ങളിലും താത്പര്യങ്ങളിലും ഒരിക്കലും അവര്‍ വിട്ടുവീഴ്ച ചെയ്യാന്‍ അവര്‍ തയ്യാറായില്ല. മാത്രമല്ല, അതിന്റെ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കുകയും ചെയ്തു. ഒരേസമയം മികച്ച പ്രഭാഷകയും കഴിവുറ്റ പാര്‍ലിമെന്റേറിയനുമായിരുന്നു അവരെന്നും പ്രധാനമന്ത്രി പറഞ്ഞു.