ഇന്ധന വിലക്കയറ്റം പാര്‍ലമെന്റില്‍; പ്രതിപക്ഷ പ്രതിഷേധം, സഭ ബഹിഷ്‌കരിച്ചു

ഇന്ധന, പാചകവാതക വില വര്‍ദ്ധനവിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. വില വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, തൃണമൂല്‍, എന്‍സിപി, ഡിഎംകെ, ഇടതുപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നു. പതിനൊന്ന് പാര്‍ട്ടികളിലെ എംപിമാര്‍ സഭ നടപടികള്‍ ബഹിഷ്‌കരിച്ച് വാക്കൗട്ട് നടത്തി.

വില വര്‍ദ്ധന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി നടുത്തളത്തില്‍ ഇറങ്ങി. പ്രതിഷേധം തുടര്‍ന്നതോടെ സഭ അല്‍പ സമയത്തേക്ക് നിര്‍ത്തി വയ്ക്കുകയായിരുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കുകയും വാക്കൗട്ട് നടത്തുകയും ചെയ്തു.

വില വര്‍ധനയിലൂടെ പാവപ്പെട്ടവരെ കൊള്ളയടിച്ച് പതിനായിരം കോടിയോളം രൂപ മോദി സര്‍ക്കാര്‍ സമ്പാദിച്ചുവെന്ന് കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന-പാചകവാതക വിലയുടെ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചുവെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരിഹാസം.