പീഡനക്കേസ് ഇരയ്ക്ക് രാഖി കെട്ടി കൊടുക്കണമെന്നതടക്കം വിവാദ വിധികൾ; ഹൈക്കോടതി മുൻ ജഡ്ജി രോഹിത് ആര്യ ബിജെപിയിൽ

മധ്യപ്രദേശ് ഹൈക്കോടതി മുൻ ജഡ്ജി രോഹിത് ആര്യ ബിജെപിയില്‍ ചേർന്നു. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് രോഹിത് ആര്യ ബിജെപി അംഗത്വം എടുക്കുന്നത്. ഭോപ്പാലിലെ ബിജെപി സംസ്ഥാന ഓഫീസിൽ നടന്ന പരിപാടിയിൽ മധ്യപ്രദേശ് അധ്യക്ഷൻ ഡോ രാഘവേന്ദ്ര ശർമ്മയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

ജാമ്യം കിട്ടാൻ പീഡനക്കേസ് പ്രതി, ഇരയായ പെൺകുട്ടിക്ക് രാഖി കെട്ടിക്കൊടുക്കണമെന്ന രോഹിത് ആര്യയുടെ വിധി ഏറെ വിവാദമായിരുന്നു. 2020 ഏപ്രിലില്‍ നടന്ന ലൈംഗിക അതിക്രമ കേസില്‍ ജാമ്യം തേടിയ പ്രതിയോടാണ് ഇരയ്ക്ക് രാഖി കെട്ടിക്കൊടുക്കാന്‍ നിര്‍ദേശിച്ചത്. ഉജ്ജൈനിൽ അയൽവാസിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി നല്‍കിയ കേസിലായിരുന്നു നടപടി. രക്ഷാബന്ധന്‍ ദിനത്തില്‍ ഇരയുടെ വീട്ടിലെത്തി കയ്യില്‍ രാഖി കെട്ടണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി ഇത്തരം കേസുകളിൽ സൂക്ഷമമായ നടപടി എടുക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

മതവികാരം മുറിപ്പെടുത്തിയെന്നാരോപിച്ച് 2021ൽ കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്കും നളിൻ യാദവിനും രോഹിത് ആര്യ, ജാമ്യം നിഷേധിച്ചിരുന്നു. ഒരു പൊതുസ്ഥലത്ത് സ്റ്റാൻഡ്അപ്പ് കോമഡി എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പ്രഥമദൃഷ്ട്യാ അപകീർത്തികരവും ഇന്ത്യയിലെ ഒരു വിഭാഗം പൗരന്മാരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും മുനവ്വര്‍ ഫാറൂഖിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് ദാസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി, ഫാറൂഖിക്ക് പിന്നീട് ജാമ്യം അനുവദിച്ചു.

1984ൽ അഭിഭാഷകനായി എൻറോൾ ചെയ്ത രോഹിത് ആര്യ 2003ലാണ് മധ്യപ്രദേശ് ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെന്ന നിലയില്‍ പ്രാക്ടീസ് ചെയ്യുന്നത്. 2013ൽ ഹൈക്കോടതി ജഡ്ജിയായി. 2015ലാണ് സ്ഥിരം ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2024 ഏപ്രിൽ 27നാണ് വിരമിക്കുന്നത്.