ഗോവ: മുൻ മുഖ്യമന്ത്രിമാർ പിൻവാങ്ങി,കോൺഗ്രസിലും തൃണമൂലിലും പ്രതിസന്ധി

തൃണമൂൽ കോൺഗ്രസിന്റെ മുഖമായ  ലൂസിഞ്ഞോ ഫളെയ്റോയും 6 തവണ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് റാണെയും  ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകളത്തിൽ നിന്നു പിൻവാങ്ങിയത് ഇരുപാർട്ടികൾക്കും തിരിച്ചടിയായി.

കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിയായ ലൂസിഞ്ഞോ ഫലെയ്റോ കഴിഞ്ഞ സെപ്റ്റംബറിലാണ് തൃണമൂലിൽ ചേർന്നത്. പിന്നാലെ രാജ്യസഭാംഗത്വം ലഭിച്ചു. നിലവിൽ ദേശീയ വൈസ് പ്രസിഡന്റാണ്. അദ്ദേഹത്തെ ഇറക്കി ഫതോർഡ മണ്ഡലം പിടിച്ചെടുക്കാമെന്ന് തൃണമൂൽ നേതൃത്വം കരുതിയിരിക്കെയാണ് പത്രിക പിൻവലിച്ചത്. പതിവു മണ്ഡലമായ നവേലിം ലഭിക്കാത്തതാണ് പിൻമാറ്റത്തിനു കാരണമെന്നാണു സൂചന. ഇദ്ദേഹം തൃണമൂൽ വിട്ടേക്കുമെന്നും അഭ്യൂഹമുണ്ട്.

മരുമകൾ ദിവ്യ ബിജെപി സ്ഥാനാർഥിയായി രംഗത്തെത്തിയതോടെയാണ് 11 വർഷം തുടർച്ചയായി വിജയിച്ച പോരിം മണ്ഡലത്തിൽ നിന്നുള്ള പ്രതാപ് സിങ്ങിന്റെ പിൻമാറ്റം. രഞ്ജിത് റാണെയാണ് കോൺഗ്രസിന്റെ പുതിയ സ്ഥാനാർഥി

Read more

പ്രതാപ് സിങ് റാണെയുടെ മകൻ വിശ്വജിത് റാണെ നിലവിൽ ബിജെപി സർക്കാരിൽ മന്ത്രിയാണ്. 2017ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന വിശ്വജിത്തിന്റെ ഭാര്യയാണ് ദിവ്യ. തനിക്കെതിരെ മരുമകളെ ബിജെപി കളത്തിലിറക്കിയതോടെ പ്രതാപ് സിങ് കടുത്ത മാനസിക സംഘർഷത്തിലായി. തുടർന്നാണു പിൻമാറ്റം. എന്നാൽ, അനാരോഗ്യമാണ് അദ്ദേഹം കാരണമായി പറയുന്നത്. 87 വയസ്സുണ്ടെങ്കിലും മത്സരിച്ചാൽ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിക്കാൻ സാധ്യതയുള്ള നേതാവാണ് പ്രതാപ് സിങ് എന്നതും പാർട്ടിയോടുള്ള കൂറുമാണ് പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതിന്റെ കാരണം.