ഗോ സംരക്ഷണത്തില്‍ വീഴ്ച വരുത്തി: ജില്ലാ മജിസ്‌ട്രേറ്റടക്കം അഞ്ച് ഉദ്യോഗസ്ഥരെ യു.പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു

ഉത്തര്‍പ്രദേശ് മഹാരാജ്ഗഞ്ചിലെ ഗോശാലയില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.

ജില്ലാ മജിസ്‌ട്രേട്ട് അമര്‍നാഥ് ഉപാധ്യായ, സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടുമാരായ ദേവേന്ദ്ര കുമാര്‍, സത്യ മിശ്ര, ചീഫ് വെറ്ററിനറി ഓഫീസര്‍ രാജീവ് ഉപാധ്യായ, വെറ്ററിനറി ഓഫീസര്‍ ബി.കെ മൗര്യ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് യു.പി ചീഫ് സെക്രട്ടറി ആര്‍.കെ തിവാരി പറഞ്ഞു.

മഹാരാജ്ഗഞ്ചിലെ ഗോശാലയില്‍ 2500 പശുക്കള്‍ ഉള്ളതായി രേഖകളില്‍ ഉണ്ടെങ്കിലും 900 എണ്ണത്തെ മാത്രമെ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ബാക്കിയുള്ള പശുക്കള്‍ എവിടെയെന്ന് അധികൃതര്‍ ആരാഞ്ഞുവെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല.

മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമുള്ള 500 ഏക്കര്‍ ഭൂമിയിലാണ് ഗോശാല പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 380 ഏക്കര്‍ സ്വകാര്യ വ്യക്തികള്‍ കൈയേറിയെന്നും പരിശോധനയില്‍ വ്യക്തമായി. ഗോരഖ്പുര്‍ അഡീഷണല്‍ കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.