അഞ്ചാംഘട്ട ലോക്ക് ഡൗൺ?: 31-ന് പ്രധാനമന്ത്രി മോദി ‌രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 31-ന് മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാലാംഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്നതും ഇതേ ദിവസമാണ്. മൻ കി ബാത്തിലൂടെ അഞ്ചാംഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ നരേന്ദ്രമോദി നടത്തുമെന്നാണ് സൂചന. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലെയും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ മോദി പ്രഖ്യാപിക്കുമെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 70 ശതമാനവും ഉള്ള 11 നഗരങ്ങളിൽ ജൂൺ 1 മുതലുള്ള അഞ്ചാംഘട്ട ലോക്ക് ഡൗൺ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് റിപ്പോർട്ടുകൾ. മുംബൈ, ഡൽഹി, ബെംഗളൂരു, പുണെ, താനെ, ഇൻഡോർ, ചെന്നൈ, അഹമ്മദാബാദ്, ജയ്പുർ, സൂററ്റ്, കൊൽക്കത്ത എന്നിവയാണ് ഈ പതിനൊന്ന് നഗരങ്ങൾ. രാജ്യത്തെ മൊത്തം 1.51 ലക്ഷം കോവിഡ് കേസുകളിലെ 60 ശതമാനവും മുംബൈ, അഹമ്മദാബാദ്, ഡൽഹി, പുണെ, കൊൽക്കത്ത എന്നിവിടങ്ങളിലാണ്. ആകെ കോവിഡ് കേസുകളുടെ 80 ശതമാനവും റിപ്പോർട്ട് ചെയ്ത 30 മുനിസിപ്പൽ കോർപ്പറേഷനുകളുടെ പട്ടിക കേന്ദ്രം നേരത്തെ തയ്യാറാക്കിയിരുന്നു.