ചർച്ച പരാജയം, സമരവുമായി കർഷക സംഘടനകൾ മുന്നോട്ട്; റോഡിൽ ഇരുമ്പാണികൾ നിരത്തി ബാരിക്കേഡുകളുമായി പൊലീസ്, ഡൽഹിയിൽ താത്കാലിക ജയിലുകൾ

കർഷക സംഘടനകളെ അനുനയിപ്പിക്കാൻ സർക്കാർ വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടതോടെ ‘ഡൽഹി ചലോ’ മാർച്ചുമായി കർഷകർ രാജ്യതലസ്ഥാനത്തേക്ക്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.

സമരത്തെ നേരിടാൻ ഹരിയാന, ഡൽഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണമാണുള്ളത്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇൻ‌ർനെറ്റ് നിരോധനവും ഏർപ്പെടുത്തി. ഡൽഹിയിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ അതിര്‍ത്തികള്‍ അടച്ചു. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ അതിർത്തികളിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിക്കുകയും റോഡിൽ ഇരുമ്പാണികൾ നിരത്തുകയും ചെയ്തു.

പ്രക്ഷോഭവുമായി അതിർത്തി കടന്നെത്തുന്ന കർഷകർക്കായുള്ള ജയിലുകളും സർക്കാർ തയാറാക്കി കഴിഞ്ഞു. പ്രതിഷേധക്കാരെ അറസ്​റ്റ് ചെയ്ത് പാർപ്പിക്കാനായി ഹരിയാനയിലെ രണ്ട് വലിയ സ്റ്റേഡിയങ്ങളാണ് താത്കാലിക ജയിലുകളാക്കി മാറ്റിയിരിക്കുന്നത്. സമരത്തിന് കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ റോഡ് സ്‌പൈക്ക് ബാരിയറുകള്‍ സ്ഥാപിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര പ്രതികരിച്ചിരുന്നു. ‘കര്‍ഷകരുടെ പാതയില്‍ മുള്ളുകള്‍ വെക്കുന്നത് അമൃത്കാലമാണോ അതോ അന്യായക്കാലമാണോ?’ എന്നാണ് പ്രിയങ്ക ചോദിച്ചത്.

സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ‘ഡൽഹി ചലോ’ എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 2020- 2021 ൽ നടന്ന കർഷക പ്രക്ഷോഭത്തത്തിന് സമാനമായ ഒന്ന് ഉണ്ടാവാതിരിക്കാനായി, കർഷകർ ഡൽഹിയിലേക്ക് എത്താതിരിക്കാനായുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്.