ബാരിക്കേഡുകൾ, മുള്ളുവേലികൾ, ജലപീരങ്കികൾ.. അടിച്ചമർത്തുമോ കർഷക സമരത്തെ മോദി സർക്കാർ

അതിർത്തികളിൽ ബാരിക്കേഡുകൾ, ഇരുമ്പുമുള്ളുവേലികൾ, ജലപീരങ്കികൾ, ക്രെയിനുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ, അയ്യായിരത്തിലധികം സുരക്ഷാ ഔദ്യോഗസ്ഥർ… നാളെ രാജ്യതലസ്ഥാനനത്തേക്ക് കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധവുമായി എത്തുന്ന കർഷകരെ തടയാൻ ഹരിയാന സർക്കാർ നടത്തിയിരിക്കുന്ന മുന്നൊരുക്കമാണിത്. പ്രക്ഷോഭവുമായി അതിർത്തി കടന്നെത്തുന്ന കർഷകർക്കായുള്ള ജയിലുകളും സർക്കാർ തയാറാക്കി കഴിഞ്ഞു. പ്രതിഷേധക്കാരെ അറസ്​റ്റ് ചെയ്ത് പാർപ്പിക്കാനായി ഹരിയാനയിലെ രണ്ട് വലിയ സ്റ്റേഡിയങ്ങളാണ് താത്കാലിക ജയിലുകളാക്കി മാറ്റിയിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുളള ജയിലുകളിൽ കൂടുതൽ ആളുകളെ പാർപ്പിക്കാനുളള സൗകര്യങ്ങൾ ഇല്ലാത്തതിനെ തുടർന്നാണ് ഇൻഡോറിലെ സിർസയിലുളള ചൗധരി ദാൽബിർ സ്‌​റ്റേഡിയം, ദബ്‌വലിലുളള ഗുരു ഗോബിന്ദ് സിംഗ് സ്‌​റ്റേഡിയം എന്നിവ താൽക്കാലിക ജയിലുകളാക്കിയിരിക്കുന്നത്.

ബാരിക്കേഡുകൾ, മുള്ളുവേലികൾ, ജലപീരങ്കികൾ.. അടിച്ചമർത്തുമോ കർഷക സമരത്തെ മോദി സർക്കാർ

സംസ്ഥാന അതിര്‍ത്തികളില്‍ റോഡ് സ്‌പൈക്ക് ബാരിയറുകള്‍ സ്ഥാപിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര പ്രതികരിച്ചിരുന്നു. ‘കര്‍ഷകരുടെ പാതയില്‍ മുള്ളുകള്‍ വെക്കുന്നത് അമൃത്കാലമാണോ അതോ അന്യായക്കാലമാണോ?’ എന്നാണ് പ്രിയങ്ക ചോദിച്ചത്. പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ത് മാന്‍, ഡല്‍ഹിയിലേക്കും ഹരിയാനയിലേക്കും പ്രവേശിക്കാനുള്ള റോഡുകളെ ഇന്ത്യ-പാകിസ്ഥാന്‍ നിയന്ത്രണരേഖയുമായാണ് താരതമ്യം ചെയ്തത്. സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) റോഡുകള്‍ തടഞ്ഞതിനെ രൂക്ഷമായി വിമര്‍ശിച്ചു. ‘സര്‍ക്കാര്‍ എന്തിനാണ് പേടിക്കുന്നത്? വലിയ ബാരിക്കേഡിംഗ് നടക്കുന്നു. ഇതാണോ ജനാധിപത്യം?’ എന്നാണ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ ചോദിച്ചത്.

തലസ്ഥാനത്തേക്ക് രണ്ടാമത് ഒരിക്കൽ കൂടിയുള്ള കർഷകരുടെ പ്രക്ഷോഭം നരേന്ദ്രമോദിയുടെയും കൂട്ടരുടെയും ഉറക്കം കെടുത്തുന്നുണ്ടെന്നുള്ളത് ഈ മുന്നൊരുക്കങ്ങളിൽ നിന്ന് വ്യക്തമാകുന്നത്, പ്രത്യേകിച്ചും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ. ഞായറാഴ്ച മുതൽ തന്നെ ഹരിയാനയിലെ ഏഴു ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണെന്നുള്ള വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ കേന്ദ്ര സർക്കാരിനെ രണ്ടാമാതൊരു കർഷക സമരം എത്രെത്തോളം പേടിപെടുത്തുന്നുണ്ടെന്നുള്ളത് മനസിലാക്കാൻ സാധിക്കും.

വിമർശിക്കുന്ന ഏതു ശക്തികളെയും അടിച്ചമർത്തി, വേണമെങ്കിൽ എതിരാളികളെ തന്റെ പാളയത്തിലേക്ക് വളരെ നിസ്സാരമായി എത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നടക്കുന്ന കർഷക സമരത്തെ ഇത്രമേൽ ഭയക്കുന്നുണ്ടെങ്കിൽ അതിന് ഒറ്റ ഉത്തരമേ ഉള്ളു. അത് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പാണ്. അത്രമേൽ കേന്ദ്ര സർക്കാരിനുമേൽ പ്രഹരമേല്പിച്ച സമരമാണ് 2020 -2021 ൽ കർഷകർ തലസ്ഥാനത്ത് നടത്തിയത്.

അന്ന് സമരത്തിന് പിന്നില്‍, രാജ്യദ്രോഹികളാണെന്നും അർബൻ നക്‌സലുകളാണെന്നും അടക്കം പ്രചാരണങ്ങളുണ്ടായിട്ടും കര്‍ഷക രോഷത്തിന് മുന്നില്‍ പിടിച്ചുനിൽക്കാനാവാതെ വിവാദമായ മൂന്നു കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ച്, രാജ്യത്തോട് നരേന്ദ്ര മോദി മാപ്പു പറഞ്ഞാണ് അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ പിടിച്ചുപറ്റിയ സമരം അന്ന് അവസാനിപ്പിച്ചത്. അതുപോലൊരു കര്‍ഷക പ്രക്ഷോഭത്തിന്റെ തുടക്കമായി ഈ വരവ് മാറിയാൽ, 400 ൽ കൂടുതൽ സീറ്റുകളിൽ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പ്രഖ്യാപിച്ചു നിൽക്കുന്ന മോദിയുടെ കൈകളിൽ നിന്ന് കാര്യങ്ങൾ കൈയ് വിട്ടു പോകുമെന്ന് ബിജെപിക്കും അറിയാം.

ഈ സാധ്യതകൾ എല്ലാം മുന്നിൽ കണ്ടു തന്നെയാണ് ഫെബ്രുവരി 13 ന് രാജ്യ തലസ്ഥാനത്ത് കർഷകർ സമരം പ്രഖ്യാപിച്ചത് മുതൽ കേന്ദ്രം അനുനയ നീക്കനാണ് ആരംഭിച്ചത്. 2020 ൽ ഡൽഹിയിലെ തണുത്തുറഞ്ഞ മഞ്ഞിൽ ഒരു വർഷത്തോളം കർഷർ സമരം നടത്തിയിട്ടും 719 കർഷകരുടെ ജീവൻ ആ സമര ഭൂമിയിൽ വെച്ച പൊലിഞ്ഞിട്ടും മോദി സർക്കാരിന് കണ്ണ് തുറക്കാനും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാനും 358 ദിവസങ്ങളാണ് വേണ്ടി വന്നത്. ആ സ്ഥാനത്താണ് ഇപ്പോൾ കർഷകർ സമരം പ്രഖ്യാപിച്ചപ്പോൾ തന്നെ അവരെ അനുനയിപ്പിക്കാൻ ഭരണകൂടം മുൻ കൈയെടുത്തത്.

പഞ്ചാബിലേയും ഹരിയാനയിലേയും ഉത്തര്‍പ്രദേശിലും കര്‍ഷകര്‍ വീണ്ടും സമര രംഗത്തിറങ്ങാന്‍ പോകുന്നുവെന്ന പ്രഖ്യാപനം വന്നതോടെ തലസ്ഥാനത്തേക്കുള്ള അവരുടെ വരവ് പിടിച്ചു നിർത്താനായി രാജ്യത്തെ തന്നെ പരമോന്നത ബഹുമതിയായ ഭാരത് രത്നയെ പോലും ഉപയോഗിച്ചുവെന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല. മുൻ പ്രധാനമന്ത്രിയും കർഷ നേതാവുമായിരുന്ന ചാരൻ സിങ്ങിന് തേടി പൊടുന്നനെ ഭാരത് രത്ന എത്തിയത് ഈ അനുനയ നീക്കത്തിന്റെ ഭാഗമാണ്.

2023 നവംബറില്‍ സമരത്തിന്റെ വാര്‍ഷികം ആചരിക്കാനായി ഒത്തുകൂടിയ കര്‍ഷകര്‍, രണ്ടാം കര്‍ഷക സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില, പെൻഷൻ, ഇൻഷുറൻസ് പദ്ധതികളും ഉറപ്പുനൽകുന്ന നിയമം വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഇരുന്നൂറിലധികം സംഘടനകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ആദ്യ പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ക്ക് എതിരെ എടുത്ത കേസുകള്‍ റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഡിസംബര്‍ മുതല്‍ കര്‍ഷകര്‍ ഈ ആവശ്യം ഉയര്‍ത്തി സമരത്തിലാണ്.

ഫെബ്രുവരി ഏഴിന് കര്‍ഷക സംഘടനകളുമായി കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പിയുഷ് ഗോയലും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും കൃഷി മന്ത്രി അര്‍ജുന്‍ മുണ്ടയും കര്‍ഷക കർഷക നേതാക്കളെ കാണാനെത്തി. എന്നാല്‍, ഈ ചര്‍ച്ചയിലും കര്‍ഷകര്‍ വഴങ്ങിയില്ല. ഫെബ്രുവരി 13ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു.

ഇതിന്റെ പിറ്റേ ദിവസമാണ്, മുന്‍ പ്രധാനമന്ത്രിമാരായ ചൗധരി ചരണ്‍ സിങിനും പിവി നരസിംഹ റാവുവിനും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ എംഎസ് സ്വാമിനാഥനും ഭാരത് രത്‌ന ബഹുമതികള്‍ നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കാര്‍ഷിക മേഖലയുമായി അടുത്ത ബന്ധമുള്ള എൻഎസ് സ്വാമിനാഥൻ. ചരൺ സിങ്ങിനാവട്ടെ, യുപിയിലെ ഗ്രാമീണ ജനതയ്ക്കിടയിൽ കര്‍ഷകര്‍ക്ക് വേണ്ടി ജീവിച്ച നേതാവെന്ന വികാരമാണ് ഇന്നും ഉള്ളത്.

കേന്ദ്രം ഉദ്ദേശിച്ച പോലെ തന്നെ ഭാരത രത്‌ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത കര്‍ഷക നേതാവ് രാകേഷ് ടികായത് രംഗത്തെത്തിയിരുന്നു. എന്നാൽ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്നായിരുന്നു ടിക്കയത്ത് വ്യക്തമാക്കിയത്. ആദ്യ സമരത്തിന്റെ സമയത്തുതന്നെ കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചില സംഘടനകള്‍ സമരത്തിന്റെ പകുതിയില്‍ വെച്ച് പിന്‍മാറുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ ടികായത്, കര്‍ഷകരെ ഭിന്നിപ്പിക്കാനുള്ള പുതിയ മാര്‍ഗവുമായാണ് ബിജെപി രംഗത്തെത്തുന്നത് എന്ന വിമര്‍ശനം ഉന്നയിച്ചു.

ചരണ്‍ സിങിനു ഭാരത് രത്ന നൽകാൻ മറ്റൊരു കാരണം കൂടി ബിജെപിയെ പ്രേരിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്കിടയില്‍ ശക്തമായ വേരോട്ടമുള്ള പാര്‍ട്ടിയായ രാഷ്ട്രീയ ലോക് ദളിനെ എന്‍ഡിഎ പാളയത്തിലെത്തിക്കാന്‍ എത്തിക്കാനുള്ള നീക്കം കൂടിയായിരുന്നു അത്. ചരണ്‍ സിങിന്റെ കൊച്ചു മകനായ ജയന്ത് സിങാണ് രാഷ്ട്രീയ ലോക് ദളിന്റെ അധ്യക്ഷൻ. ‘ഇന്ത്യ’ മുന്നണിക്കൊപ്പം നിലകൊണ്ട രാഷ്ട്രീയ ലോക് ദളിനെ എന്‍ഡിഎ പാളയത്തിലെത്തിക്കാന്‍ ഈ ഒറ്റനീക്കത്തിലൂടെ ബിജെപിക്ക് സാധിച്ചു. കര്‍ഷക സമരത്തെ തുടര്‍ന്ന് ബിജെപിയോട് ജാട്ട് വിഭാഗത്തിനുണ്ടായ അകല്‍ച്ച പരിഹരിക്കാൻ കൂടിയാണ് ഈ പുതിയ നീക്കം. രാഷ്ട്രീയ ലോക് ദളിന് ജാട്ട് വിഭാഗത്തിന്റെ ഇടയില്‍ ശക്തമായ സ്വാധീനമുണ്ട്.

എന്തായാലും നാളത്തെ കര്‍ഷക രോഷം പ്രതികൂലമായി ബാധിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ കിണഞ്ഞു പരിശ്രമിക്കുകയാണ്. 2020 ലെ പോലൊരു പടുകൂറ്റൻ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കുമോ അതോ കേന്ദ്ര സർക്കാരിന്റെ അനുനയ നീക്കങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും കർഷക പ്രക്ഷോഭത്തിന്റെ തീയണയ്ക്കനാവുമോ അതോ കർഷകരുടെ സമര വീര്യം അണയ്ക്കാൻ കേന്ദ്ര സർക്കാർ അടിച്ചമർത്തലാണോ ലക്ഷ്യമിടുന്നത്. എങ്കിൽ അതെങ്ങനെയാവും തിരഞ്ഞെടുപ്പിനെ ബാധിക്കുക.