കര്‍ഷകനെ അപമാനിച്ച സംഭവം; പുത്തന്‍ ബൊലേറോ വീട്ടിൽ എത്തിച്ചു, മാപ്പും പറഞ്ഞു

വാഹനം വാങ്ങാനെത്തിയ കര്‍ഷകന്റെ വേഷം നോക്കി പരിഹസിച്ച സംഭവത്തില്‍ ശുഭാവസാനം. മഹീന്ദ്ര ഷോറൂമില്‍ നിന്ന് അപമാനിച്ചു വിട്ട കര്‍ഷകന് പുത്തന്‍ ബൊലേറോ വീട്ടിലെത്തി കൈമാറുകയും തങ്ങള്‍ക്ക് പറ്റിയ തെറ്റിന് മാപ്പുപറയും ചെയ്തിരിക്കുകയാണ് ഷോറൂം ജീവനക്കാര്‍.

വെള്ളിയാഴ്ച വൈകിട്ട് ഷോറൂം ജീവനക്കാര്‍ തന്നെ വാഹനം കെമ്പഗൗഡയുടെ വീട്ടിലെത്തിക്കുകയായിരുന്നു. മഹീന്ദ്രയുടെ മുതിര്‍ന്ന എക്സിക്യൂട്ടീവുകളും മറ്റ് ജീവനക്കാരും വെള്ളിയാഴ്ച രാവിലെ എന്റെ വീട്ടിലെത്തുകയും സംഭവിച്ചതിനെല്ലാം ക്ഷമാപണം നടത്തുകയും ചെയ്തെന്ന് അപമാനം നേരിട്ട കര്‍ഷകനായ കെമ്പഗൗഡ പറഞ്ഞു. വാഹനം വൈകിട്ട് എത്തിക്കാമെന്ന് പറഞ്ഞ് അവര്‍ പോയി. പറഞ്ഞ സമയത്ത് തന്നെ അവര്‍ വാഹനം വീട്ടിലെത്തിച്ചു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് മഹീന്ദ്ര വാഹനം നല്‍കിയ കാര്യം ട്വിറ്ററില്‍ അറിയിക്കുകയും ചെയ്തു. ‘ഞങ്ങളുടെ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചപ്പോള്‍ കെമ്പഗൗഡയ്ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. സംഭവത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചു. ഇപ്പോള്‍ പ്രശ്നം പരിഹരിച്ചു. ഞങ്ങളെ തിരഞ്ഞെടുത്തതിന് കെമ്പഗൗഡയോട് നന്ദി പറയുന്നു. ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക, ഞങ്ങള്‍ അദ്ദേഹത്തെ മഹീന്ദ്ര കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു’. എന്നായിരുന്നു കമ്പനി ട്വീറ്റ് ചെയ്തത്.

വ്യക്തികളുടെ അന്തസ് ഉയര്‍ത്തി പിടിക്കണമെന്നും സമൂഹത്തിന്റെയും പങ്കാളികളുടെയും ഉന്നമനമാണ് മഹീന്ദ്രയുടെ പ്രധാന ലക്ഷ്യമെന്നും ഈ സംഭവത്തിന് പിന്നാലെ ആനന്ദ ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹീന്ദ്രയുടെ സി.ഇ.ഒവിജയ് നക്രയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.