കിളച്ചുകൊണ്ടിരിക്കെ പാടത്ത് നിന്നും കര്‍ഷകന് അരക്കോടിയിലേറെ മൂല്യം വരുന്ന വജ്രക്കല്ല് ലഭിച്ചു

ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ പാടത്ത് കിളച്ചുകൊണ്ടിരിക്കെ കര്‍ഷകന് വജ്രക്കല്ല് ലഭിച്ചു. ഏകദേശം 60 ലക്ഷം രൂപയാണ് വജ്രക്കല്ലിന്റെ മൂല്യം .13.5 ലക്ഷം രൂപക്കാണ് കര്‍ഷകന്‍ സ്ഥലത്തെ വജ്രവ്യാപാരിക്ക് കല്ല് വിറ്റത്.
അല്ല ഭക്ഷ് എന്ന വജ്രവ്യാപാരിയാണ് കല്ല് വാങ്ങിയത്. ഇതിനോടകം വാര്‍ത്ത പരന്നെങ്കിലും പൊലീസ് ഇതുവരെ സംഭവം അറിഞ്ഞിട്ടില്ല. വജ്രക്കല്ലിന്റെ നിറം, വലിപ്പം, ഭാരം എന്നിവയെ കുറിച്ച് ഇതുവരെ യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. എന്നാല്‍ സംഭവം വാര്‍ത്തയായതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുര്‍ണൂല്‍ ജില്ലയില്‍ ഈ മണ്‍സൂണ്‍ കാലത്ത് ഇത് രണ്ടാം തവണയാണ് വജ്രക്കല്ല് ലഭിക്കുന്നത്. ജൂണ്‍ 12 ന് ജൊന്നാഗിരി ഗ്രാമത്തില്‍ ഒരു ആട്ടിടയനാണ് വജ്രക്കല്ല് ലഭിച്ചത്. ഇത് 20 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഇതിന് വിപണിയില്‍ അരക്കോടി രൂപ വിലമതിക്കുമെന്നാണ് വിവരം.

ഇന്ത്യയിലെ നാലാമത്തെ വലിയ നദിയായ കൃഷ്ണ നദിയുടെ തീരങ്ങള്‍ വജ്രക്കല്ലുകള്‍ക്ക് ഏറെ പ്രസിദ്ധമാണ്. ഗൊല്‍ക്കൊണ്ട ഡയമണ്ട് എന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച ഈ കല്ലുകള്‍ക്ക് വേണ്ടി കൃഷ്ണ നദിയുടെ കൈവഴികളായ തുംഗഭദ്രയുടെയും ഹുന്ദ്രിയുടെയും തീരങ്ങളില്‍ കര്‍ഷകരും ഇതര സംസ്ഥാന തൊഴിലാളികളും താത്കാലിക കെട്ടിടങ്ങളില്‍ താമസിച്ച് വജ്രക്കല്ലുകള്‍ക്കായി തിരച്ചില്‍ നടത്താറുണ്ട്.

മണ്‍സൂണ്‍ കാലത്താണ് കുര്‍ണൂല്‍ ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ വജ്രക്കല്ലുകള്‍ക്കായി വ്യാപക തിരച്ചില്‍ നടക്കാറുള്ളത്. തമിഴ്നാട്, കര്‍ണ്ണാടകം, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഇവിടേക്ക് ആളുകള്‍ ഇതിനായി എത്താറുണ്ട്.

കുര്‍ണൂലിലെ ശരവണ സിംഹ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്നാണ് വജ്രം കിട്ടാറുള്ളത്. വിജയനഗര സാമ്രാജ്യത്തിന്റെ തലവനായിരുന്ന ശ്രീ കൃഷ്ണദേവരായരും അദ്ദേഹത്തിന്റെ മന്ത്രിമാരും ഭൂമിക്കടിയില്‍ നിധിശേഖരം കുഴിച്ചുവച്ചിട്ടുണ്ടെന്നാണ് വിശ്വാസം.