ഹാത്രാസ് കൂട്ടബലാത്സംഗം; രാഹുലും, പ്രിയങ്കയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മറ്റ് മൂന്ന് പാർട്ടി നേതാക്കൾ എന്നിവരടങ്ങുന്ന സംഘം കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ ദളിത് യുവതിയുടെ കുടുംബത്തെ ഉത്തർപ്രദേശിലെ ഹാത്രാസിലെ ബൂൾഗാരി ഗ്രാമത്തിലെ വീട്ടിൽ സന്ദർശിച്ചു. ഉത്തർപ്രദേശ് സർക്കാർ ഗ്രാമത്തിനകത്തും പുറത്തും വലിയ രീതിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു ഇതിനിടെ ആണ് കോൺഗ്രസ് നേതാക്കളുടെ സന്ദർശനം.

ഹാത്രാസിന്റെ പല ഭാഗങ്ങളിൽ സിആർപിസി സെക്ഷൻ 144 (നിരോധനാജ്ഞ) ഏർപ്പെടുത്തിയിരുന്നു. കനത്ത പോലീസ് സാന്നിധ്യത്തിനിടെ നേതാക്കളെ സ്വാഗതം ചെയ്യുന്നതിനായി ധാരാളം കോൺഗ്രസ് പ്രവർത്തകർ ഗ്രാമത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു.

“കുടുംബത്തിന് അവസാനമായി അവരുടെ മകളെ കാണാൻ കഴിഞ്ഞില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഉത്തരവാദിത്തം മനസ്സിലാക്കണം. നീതി ലഭിക്കുന്നതുവരെ ഞങ്ങൾ ഈ പോരാട്ടം തുടരും.” കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വർദ്ര മാധ്യമങ്ങളോട് പറഞ്ഞു.

പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷം കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശിലെ ഹാത്രാസിലെ ബൂൾഗരി ഗ്രാമത്തിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങി.