രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ പങ്കുവെച്ചു; സിനിമാസംവിധായകന് എതിരെ പരാതി നല്‍കി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സിനിമാ സംവിധായകനെതിരെ കോണ്‍ഗ്രസിന്റെ പരാതി. ബോളിവുഡ് സംവിധായകന്‍ അശോക് പണ്ഡിറ്റിനെതിരെയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

ഒരു ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കുന്ന രാഹുല്‍ഗാന്ധി ആരതി ഉഴിയാന്‍ വിസമ്മതിച്ചെന്ന വ്യാജ വീഡിയോയാണ് അശോക് പണ്ഡിറ്റ് സമൂഹമാധ്യമത്തിലിട്ടത്. പൂണൂല്‍ധാരിയായ രാഹുല്‍ ആരതി ഉഴിയാന്‍ വിസമ്മതിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

സമൂഹമാധ്യമ പോസ്റ്റ് വിവാദമായതോടെ, അശോക് പണ്ഡിറ്റ് ഇത് ഡിലീറ്റ് ചെയ്തിരുന്നു. 2017 ല്‍ രാജസ്ഥാനില്‍ നടന്ന ചടങ്ങ് മോര്‍ഫ് ചെയ്തതാണ് ഈ വീഡിയോയെന്ന് കോണ്‍ഗ്രസ് പറയുന്നു.