സര്‍ക്കാര്‍ വാദം പൊളിയുന്നു; നോട്ട് നിരോധനത്തിന് ശേഷം പിടിച്ചെടുത്തത് ഇരട്ടി കള്ളനോട്ടുകള്‍, എറ്റവും കൂടുതല്‍ മോദിയുടെ ഗുജറാത്തിലെന്ന് ക്രൈം ബ്യൂറോ

കള്ളനോട്ട് തടയുന്നതിന് വേണ്ടി നോട്ട് നിരോധിച്ചെന്ന വാദം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി സര്‍ക്കാരിനും ഇരുട്ടടിയായി. ദേശീയ ക്രൈം ബ്യൂറോ (എന്‍.സി.ആര്‍.ബി)  തിങ്കളാഴ്ച പുറത്തുവിട്ട  റിപ്പോര്‍ട്ടില്‍ രാജ്യത്ത് കള്ളനോട്ടിന്റെ തോത് വര്‍ദ്ധിച്ചെന്ന് വ്യക്തമാക്കുന്നു.

2016-ല്‍ പിടിച്ചെടുത്ത കള്ളനോട്ടുകളുടെ ഇരട്ടിയാണ് 2017-ല്‍ തങ്ങള്‍ പിടിച്ചെടുത്തതെന്ന് എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016-ല്‍ 15.9 കോടി രൂപയാണ് പിടിച്ചെടുത്തതെങ്കില്‍2017-ല്‍ 28.1 കോടി കള്ളനോട്ടാണ് പിടിച്ചെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് തവണ മുഖ്യമന്ത്രിയായ ഗുജറാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. ഒമ്പത് കോടിയുടെ കള്ളനോട്ടുകളാണ് ഗുജറാത്തില്‍ നിന്നും 2017-ല്‍ അന്വേഷണ സംഘം പിടിച്ചെടുത്തത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും നാലും സ്ഥാനത്ത്. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമായി 11.4 കോടിയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.

നോട്ട് നിരോധനത്തിന് ശേഷം 2016 നവംബറില്‍ പുറത്തിറക്കിയ പുതിയ 2000 രൂപ നോട്ട് തൊട്ടടുത്ത വര്‍ഷമായ 201-7 ല്‍ 14.97 കോടിയോളം പിടിച്ചെടുത്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 3,55,994 നോട്ടുകള്‍ ആണ് ആകെ മുഴുവനായി പിടിച്ചെടുത്തത്. ഇത് 2016-ല്‍ നിന്നും 26 ശതമാനത്തോളം വര്‍ദ്ധിച്ചതായും കാണാം.

ഇതില്‍ 65,731 രൂപയോളം പഴയ 1000 രൂപ നോട്ടുകളായിരുന്നു. 1,02,815 ഓളം പഴയ 500 രൂപയുടെ നോട്ടുകളും 8,879 ഓളം പുതിയ 500 രൂപ നോട്ടുകളുമായിരുന്നു പിടിച്ചെടുത്തത്. 92,778 ഓളം 100 രൂപ നോട്ടുകളും പിടിച്ചെടുത്തു.

നേരത്തെ 2016 നവംബര്‍ എട്ടിന് നോട്ട് നിരോധന പ്രഖ്യാപന സമയത്ത് പുതിയ നീക്കം കള്ളപ്പണത്തെ ചെറുക്കാനാണ് എന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവകാശവാദം. നോട്ട് നിരോധനത്തിന് ശേഷം 480 ശതമാനത്തിന് മുകളില്‍ സംശയാസ്പദമായ നോട്ട് തിരിമറികള്‍ നടന്നതായും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.