അനുവാദമില്ലാതെ വീട്ടില്‍ കയറി, ജീവനക്കാരെ ഭീഷണിപ്പെടുത്തി; മഹുവ മൊയ്ത്രയ്‌ക്കെതിരെ പരാതിയുമായി മുന്‍ പങ്കാളി

ചോദ്യത്തിന് പകരം കോഴ ആരോപണത്തിന് പിന്നാലെ മഹുവ മൊയ്ത്രയ്‌ക്കെതിരെ മുന്‍ പങ്കാളിയുടെ പൊലീസ് പരാതി നല്‍കി. മുന്‍ പങ്കാളിയും സുപ്രീംകോടതി അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്‌റായ് ആണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. അനുവാദമില്ലാതെ രണ്ട് ദിവസങ്ങളിലായി ഡല്‍ഹിയിലെ വീട്ടില്‍ കയറിയെന്നാണ് പരാതി.

അനുവാദമില്ലാതെ വീട്ടില്‍ കയറിയത് കൂടാതെ വീട്ടിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും സംഭവത്തില്‍ കേസെടുക്കണമെന്നും ദെഹാദ്‌റായ് തന്റെ പരാതിയില്‍ ആവശ്യപ്പെടുന്നു. രണ്ട് വ്യത്യസ്ത രാഷ്ട്രീയ നേതാക്കളുടെ വാഹനത്തിലാണ് മഹുവ മൊയ്ത്ര എത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്.

അതേ സമയം ചോദ്യത്തിന് പകരം കോഴ ആരോപണം അന്വേഷിക്കുന്ന ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി
മഹുവ മൊയ്ത്ര വീണ്ടും രംഗത്തെത്തി. തനിക്കെതിരെയുള്ള ആരോപണം പരിശോധിച്ചതിന്റെ കരട് റിപ്പോര്‍ട്ട് സമിതി അംഗങ്ങള്‍ക്ക് നല്‍കാതെ അംഗീകരിക്കാനാണ് നീക്കമെന്ന് മഹുവ സാമൂഹ്യ മാധ്യമത്തിലൂടെ ഉന്നയിച്ചു.