"ദേവേന്ദ്ര ഫഡ്‌നാവിസ് എന്റെ ജീവിതം നശിപ്പിച്ചു": ഏകനാഥ് ഖാഡ്‌സെ ബി.ജെ.പി വിട്ട് എൻ.‌സി.‌പിയിലേക്ക്

വെള്ളിയാഴ്ച നാഷണൽ കോൺഗ്രസ് പാർട്ടിയിൽ (എൻ‌.സി‌.പി) അംഗമാകാൻ പോകുന്ന മുതിർന്ന ബി.ജെ.പി നേതാവ് ഏകനാഥ് ഖാഡ്‌സെ, താൻ പാർട്ടിയിൽ നിന്നും പുറത്തു പോവുന്നതിന് കാരണം ദേവേന്ദ്ര ഫഡ്‌നാവിസാണെന്ന് കുറ്റപ്പെടുത്തി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്റെ ജീവിതം നശിപ്പിച്ചതായും ഏകനാഥ് ഖാഡ്‌സെ ആരോപിച്ചു.

മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിൽ മന്ത്രിയായിരുന്ന ഏകനാഥ് ഖാഡ്‌സെ അഴിമതി ആരോപണത്തെ തുടർന്ന് രാജിവെച്ചതിന് ശേഷം 2016 മുതൽ പാർട്ടിയിൽ അസ്വസ്ഥനായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഏകനാഥ് ഖാഡ്‌സെ എൻ‌സി‌പിയിൽ ചേരും … ഇത് എൻ‌സി‌പിയെ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന എൻ‌സി‌പി മേധാവിയും മഹാരാഷ്ട്ര മന്ത്രിയുമായ ജയന്ത് പാട്ടീൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഏകനാഥ് ഖാഡ്‌സെ ബിജെപി വിട്ട് ശരദ് പവറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ ചേരുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. “ഇത്തരത്തിലുള്ള മഹൂറത്തിനെ (ശുഭ സമയം) കുറിച്ച് എല്ലാ ദിവസവും സംസാരിക്കുന്നു, ഞാൻ അതിനെ പറ്റി ഒന്നും പറയുന്നില്ല.” എന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ഇതേപ്പറ്റി പരിഹാസത്തോടെ പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഏകനാഥ് ഖാഡ്‌സെയെ സ്ഥാനാർത്ഥിയായി നിർത്തിയിരുന്നില്ല. ഇതേ തുടർന്ന് മഹാരാഷ്ട്രയിലെ ബിജെപിയുടെ പ്രമുഖ മുഖങ്ങളിലൊന്നായ ഏകനാഥ് ഖാഡ്‌സെയുടെ തിരിച്ചുവരവിനുള്ള പ്രതീക്ഷകൾ തകർന്നിരുന്നു. പകരം മകൾ രോഹിണി ഖാഡ്‌സെയെ തിരഞ്ഞെടുപ്പ് കളത്തിലിറക്കിയെങ്കിലും പരാജയപ്പെട്ടു.

മെയ് മാസത്തിൽ നിയമസഭാ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്നും ഏകനാഥ് ഖാഡ്‌സെയെ ഒഴിവാക്കി. ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇതിന് പിന്നിൽ കളിച്ചതെന്നാണ് ഏകനാഥ് ഖാഡ്‌സെ ആരോപിക്കുന്നത്.

മഹാരാഷ്ട്രയിൽ അധികാരം നിലനിർത്തുന്നതിൽ ബിജെപി പരാജയപ്പെട്ടതിനെ തുടർന്ന്, പാർട്ടി അല്ലെങ്കിൽ ഫഡ്നാവിസ് വോട്ടെടുപ്പ് കൈകാര്യം ചെയ്ത രീതിയെ പരസ്യമായി വിമർശിച്ച ഒരു വിഭാഗം നേതാക്കളിൽ ഒരാളാണ് ഏകനാഥ് ഖാഡ്‌സെ.

തുടർന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ച അദ്ദേഹം ശിവസേനയിലേക്കാണ് പോകുന്നതെന്ന ഊഹാപോഹങ്ങൾക്ക് വഴിവെച്ചു. ഈ ഘട്ടത്തിൽ ഏകനാഥ് ഖാഡ്‌സെയുടെ നീരസം അംഗീകരിച്ച ബിജെപി, അദ്ദേഹത്തിന്റെ മകളെ അട്ടിമറിക്കാൻ പാർട്ടി പ്രവർത്തകർ ഗൂഢാലോചന നടത്തി എന്ന ആശങ്കകൾ പരിഹരിക്കുമെന്നും പാർട്ടി പറഞ്ഞിരുന്നു.

“ദേവേന്ദ്ര ഫഡ്‌നാവിസ് എന്റെ ജീവിതം നശിപ്പിച്ചു. ഞാൻ നാല് വർഷമായി മാനസിക പിരിമുറുക്കത്തിലാണ്. പാർട്ടിയിൽ നിന്ന് പോകാൻ നിങ്ങൾ എന്നെ നിർബന്ധിതനാക്കുകയാണെന്ന് ഞാൻ എന്റെ പ്രസംഗങ്ങളിൽ ആവർത്തിച്ച് പറഞ്ഞു. ബിജെപിയിൽ നിന്ന് പുറത്തു പോവുന്നതിൽ എനിക്ക് സങ്കടമുണ്ട്, പക്ഷേ എനിക്ക് മറ്റ് മാർഗമില്ല. ബലാത്സംഗ ആരോപണങ്ങളിൽ എന്നെ പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു ,” ഏകനാഥ് ഖാഡ്‌സെ ഇന്ന് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിൽ ബിജെപി കെട്ടിപ്പടുക്കുന്നതിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഏകനാഥ് ഖാഡ്‌സെ വലിയ പങ്കു വഹിച്ചുവെന്ന് എൻസിപി മേധാവി ശരദ് പവാർ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. അദ്ദേഹം ഞങ്ങളെ വിമർശിക്കുകയും ഞങ്ങൾ അത് ശ്രദ്ധിക്കുകയും ചെയ്തിരുന്നു ശരദ് പവാർ പറഞ്ഞു. ബിജെപിയിൽ നിന്ന് പുറത്തുപോകുന്നതിന് ഏകനാഥ് ഖാഡ്‌സെയുടെ പക്ഷത്ത് ന്യായമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “തന്റെ സംഭാവനകളും കഠിനാദ്ധ്വാനവും പരിഗണിച്ചില്ലെങ്കിൽ ഒരാൾ അസ്വസ്ഥനാകും. തന്റെ പ്രവർത്തനത്തെ വിലമതിക്കുന്ന ഒരു പാർട്ടിയിലേക്ക് എന്തുകൊണ്ട് പോയിക്കൂടാ എന്ന് ഒരാൾ ചിന്തിച്ചേക്കാം,” ശരദ് പവാർ പറഞ്ഞു.