പഞ്ചാബിൽ തിരഞ്ഞെടുപ്പ് ചട്ടം തിരുത്തിച്ച് ബി.ജെ.പി പുതിയ പാർട്ടി കൊണ്ടുവരുമെന്ന് ആം ആദ്‌മി പാർട്ടി

ബിജെപിയുടെ നിർദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തി പുതിയ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ പോകുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ആം ആദ്മി പാർട്ടിയെ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് തടയാനാണ് ബിജെപിയുടെ നീക്കമെന്ന് പാർട്ടി വക്താവ് രാഘവ് ഛദ്ദ പറഞ്ഞു.

ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. കമ്മീഷൻ രജിസ്റ്റർ ചെയ്യാൻ പോകുന്ന പാർട്ടിയുടെ പേര് ചദ്ദ പങ്കുവെച്ചില്ല. അത് ഉടൻ എല്ലാവർക്കും അറിയാം. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത് പറയുന്നതെന്ന് പാർട്ടി വക്താവ് പറഞ്ഞു.

രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷനിൽ രണ്ട് വലിയ മാറ്റങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം, ഒരു പുതിയ രാഷ്ട്രീയ പാർട്ടിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എന്തെങ്കിലും എതിർപ്പ് ഉന്നയിക്കുന്നതിനുള്ള സമയം 30 ദിവസത്തിൽ നിന്ന് 7 ദിവസമായി കമ്മീഷൻ കുറയ്ക്കും. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുകയും ചെയ്ത ശേഷം പുതിയ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള മാറ്റങ്ങൾ ഏർപ്പെടുത്തുന്നതാണ് രണ്ടാമത്തേത്.

അകാലിദളിനോ കോൺഗ്രസിനോ അമരീന്ദറിനൊപ്പമുള്ള സഖ്യത്തിനോ ആം ആദ്മിയെ തടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ബിജെപി ഈ നീക്കത്തിന് ചൂട്ടുപിടിക്കുന്നതെന്ന് ഛദ്ദ കൂട്ടിച്ചേർത്തു. ഫെബ്രുവരി 14 നാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ്.