ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ അറസ്റ്റ് ചെയ്തു

ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍.സി.ബി ഉദ്യോഗസ്ഥർ അറസ്റ്റു രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസം എന്‍.സി.ബി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കള്ളപ്പണ കേസിന് പുറമെയാണ് ലഹരിമരുന്ന് കേസിലും ബിനീഷ് കുടുങ്ങുന്നത്.

ബാംഗ്ലൂർ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയാണ് എൻ.സി.ബി അധികൃതർ ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങിയത്. കസ്റ്റഡിയിൽ വാങ്ങിയ ബിനീഷിനെ എൻ.സി.ബി ഓഫീസിലേക്ക് കൊണ്ടു പോകും എന്നാണ് സൂചന.

മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതിയും ബിനീഷിൻ്റെ സുഹൃത്തുമായിരുന്ന മുഹമ്മദ് അനൂപിനെ നേരത്തെ തന്നെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. അനൂപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ബിനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തത്. തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കിയിരുന്നു. എൻസിബി ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതോടെ എൻ.സി.ബിയും ബിനീഷിനെതിരെ കേസെടുക്കാനാണ് സാധ്യത.