കോവാക്സിൻ പരീക്ഷണം ജനങ്ങളിൽ നടത്തരുത്, ഇന്ത്യക്കാർ ഗിനി പന്നികളല്ല: കോൺഗ്രസ്

ജനുവരി 16 മുതൽ ഇന്ത്യയിൽ നൽകി തുടങ്ങുന്ന രണ്ട് കോവിഡ് -19 വാക്സിനുകളിൽ ഒന്നായ കോവാക്സിനെ ചുറ്റിപ്പറ്റിയുള്ള തർക്കം കെട്ടടങ്ങുന്നില്ല. ഇന്ന് രാവിലെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് വിതരണം ചെയ്തു തുടങ്ങി. അതിനിടെ വാക്‌സിൻ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ അഭിപ്രായങ്ങളിൽ ഇരട്ടത്താപ്പുണ്ടെന്ന് കോൺഗ്രസ് പാർട്ടി ആരോപിച്ചു.

കോവാക്സിൻ അതിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല, അതിനാൽ അടിയന്തര സാഹചര്യങ്ങളിൽ രണ്ടാം ഓപ്ഷനായി മാത്രമേ ഇത് ഉപയോഗിക്കാവൂ എന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു തിരഞ്ഞെടുപ്പ് ഇന്ത്യക്കാർക്ക് ഉടനടി ലഭ്യമാകില്ലെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞത്.

സ്വീകർത്താക്കൾക്ക് വാക്സിൻ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് ഇപ്പോൾ സർക്കാർ പറയുന്നു. കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ, അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വിവിധ ആശങ്കകൾ ഉയരുന്നുണ്ടെന്ന് കോൺഗ്രസ് വക്താവും ശ്രീ ആനന്ദ്‌പൂർ സാഹിബ് എം.പിയുമായ മനീഷ് തിവാരി വാർത്താ ഏജൻസി എ.എൻ.ഐയോട്  പറഞ്ഞു.

മൂന്നാം ഘട്ട പരീക്ഷണമായി ജനങ്ങൾക്കുള്ള കുത്തിവെയ്പ്പിനെ ഉപയോഗിക്കാൻ കഴിയില്ല, ഇന്ത്യക്കാർ ഗിനി പന്നികളല്ല എന്നും മനീഷ് തിവാരി പറഞ്ഞു. അടിയന്തര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകിയതായാണ് ഇന്നലെ വരെ എൻ‌ഡി‌എ / ബിജെപി അവകാശപ്പെട്ടത്.

ഭാരത് ബയോടെക്കിന്റെ വാക്സിൻ മനുഷ്യ ഉപയോഗത്തിന് സുരക്ഷിതമാണെന്നും സർക്കാരിന് അതിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പു നൽകാൻ കഴിയുമോ എന്നും ചോദിച്ച് ജനുവരി 11 ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധനെ ടാഗുചെയ്ത മനീഷ്  തിവാരി  ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള  ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത വാക്സിൻ ഇന്ത്യയുടെ തദ്ദേശീയ ഉൽ‌പാദനത്തിന്റെയും, മെഡിക്കൽ ഗവേഷണത്തിലെ കരുത്തിന്റെയും പ്രധാന ഉദാഹരണമായാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇത് കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വിജയത്തിന്റെ ഉത്തമ ഉദാഹരണമായും പറയപ്പെടുന്നു.