'അഗ്നിപഥ് പദ്ധതി ഇഷ്ടമല്ലെങ്കിൽ സായുധ സേനയിൽ ചേരരുത്': വി.കെ സിംഗ്

അ​ഗ്നിപഥ് പദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവരെ വിമർശിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി.കെ സിംഗ്. പദ്ധതി ഇഷ്ട്ടമല്ലാത്തവർ അത് തെരഞ്ഞെടുക്കേണ്ട ആവശ്യമില്ലെന്നും, ഇന്ത്യൻ സെെന്യത്തിൽ ചേരാൻ ആരെയും നിർബന്ധിക്കുന്നില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സെെന്യത്തിൽ ചേരുക എന്നത് സ്വമേധയാ എടുക്കേണ്ട തീരുമാനമാണ്. റിക്രൂട്ട്മെൻ്റ് പദ്ധതി ഇഷ്ട്ടമല്ലെങ്കിൽ നിങ്ങൾ അതിൽ ചേരാതിരിക്കുക. സെെന്യത്തിൽ ചേരാൻ നിങ്ങളെ ആരാണ് നിർബന്ധിച്ചത്. നിങ്ങൾ വെറുതേ ബസുകളും ട്രെയിനുകളും കത്തിക്കുകയാണ്. യോ​ഗ്യതാ ടെസ്റ്റ് പാസായാൽ മാത്രമെ സെെന്യത്തിലേക്ക് എടുക്കുകയുള്ളൂവെന്നും വി കെ സിംഗ് പറഞ്ഞു.

കോൺഗ്രസ് അ​ഗ്നിപഥിന്റെ പേരിൽ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൻ്റെ ക്ഷീണം തീർക്കാൻ മോദി സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളിൽ പോലും തെറ്റ് കണ്ടെത്തുകയാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം രാജ്യത്ത് അശാന്തി സൃഷ്ടിക്കുകയാണെന്നും സിംഗ് വിമർശനമുന്നയിച്ചു.

അ​ഗ്നിപഥ് വ്യോമസേനയിൽ ജൂൺ 24നാണ് രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. പരിശീലനം ഡിസംബർ 30ന് തുടങ്ങും. ഓൺലൈൻ പരീക്ഷ ജൂലൈ പത്തിന് നടക്കും. നാവികസേനയിൽ 25നായിരിക്കും റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഇറങ്ങുക. ഒരു മാസത്തിനുള്ളിൽ പരീക്ഷ നടക്കും. നവംബർ 21ന് പരിശീലനം ആരംഭിക്കും.