അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കാറില്ല; രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കി ട്വിറ്റര്‍

രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ട്വിറ്റര്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന് ട്വിറ്റര്‍ തടസം സൃഷ്ടിക്കുന്നു എന്ന് രാഹുല്‍ ഗാന്ധി ആരോപണത്തിന് മറുപടിയുമായാണ് ട്വിറ്റര്‍ രംഗത്തെത്തിയിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് തങ്ങള്‍ തടസം സൃഷ്ടിക്കാറില്ലെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു. അതേസമയം ട്വിറ്ററിന്റെ നയങ്ങള്‍ ലംഘിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തന്റെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിക്കപ്പെടുന്നു. മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലം ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം നിജപ്പെടുത്തുന്നു. എന്നീ പരാതികള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി ഡിസംബര്‍ 27ന് ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗര്‍വാളിന് കത്തയച്ചിരുന്നു. ഇന്ത്യ എന്ന സങ്കല്‍പത്തെ നശിപ്പിക്കുന്നതിന് ഒരു കരുവായി ട്വിറ്റര്‍ മാറരുത്. ഇന്ത്യയിലെ 100 കോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് വേണ്ടി കൂടിയാണ് താന്‍ കത്ത് എഴുതുന്നത് എന്നാണ് രാഹുല്‍ പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും ഫോളോവേഴ്സിന്‍രെ എണ്ണവുമായി തന്റെ അക്കൗണ്ടും വിവരങ്ങളും താരതമ്യം ചെയ്തുകൊണ്ടായിരുന്നു രാഹുല്‍ കത്തയച്ചത്. 2021ല്‍ ആദ്യത്തെ ഏഴ് മാസങ്ങളില്‍ ട്വിറ്ററില്‍ തനിക്ക് നാല് ലക്ഷം അധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. പിന്നാട് അത് കുറയുകയായിരുന്നു എന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. ആഗസ്റ്റില്‍ രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് എട്ട് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിന് ശേഷമാണ് ഫോളോവേഴ്‌സ് കുറയാന്‍ തുടങ്ങിയത് എന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

രാഹുലിന്റെ ഈ ആരോപണങ്ങള്‍ക്ക് മറുപടിയായി ക്രമക്കേടുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ട്വിറ്ററിന്റെ നയങ്ങള്‍ ലംഘിക്കുന്ന അക്കൗണ്ടുകള്‍ തങ്ങള്‍ നീക്കം ചെയ്യുന്നുണ്ട് എന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു. വിദ്വേഷപരമായ കണ്ടന്റുകള്‍ തടയുന്നുണ്ട്. വിശ്വസനീയമായ അക്കൗണ്ടുകള്‍ ഉറപ്പുവരുത്തുന്നതിന്റെ ഫലമായി ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മാറ്റം വരാമെന്നും ട്വിറ്റര്‍ പറഞ്ഞു.