മൃതദേഹം ശ്മശാനത്തില്‍ കൊണ്ടുവരുന്നവരോട് പരേതന്റെ ആധാര്‍ കാര്‍ഡ് ആവശ്യപ്പെടരുതെന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍

ശവസംസ്‌ക്കാത്തിനായി ശ്മശാനങ്ങളിലെത്തുന്നവരോട് രേഖയായി പരേതന്റെ ആധാര്‍ കാര്‍ഡ് ചോദിക്കരുതെന്ന് ശ്മശാനം നടത്തിപ്പുകാര്‍ക്ക് ബെംഗളൂരു കോര്‍പ്പറേഷന്റെ(ബിബിഎംപി) താക്കീത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബിബിഎംപി സ്‌പെഷ്യല്‍ കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. രേഖയായി ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്ന ശ്മശാനം ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കുലറില്‍ അറിയിക്കുന്നു.

മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം ശ്മശാനം അധികൃതര്‍ക്ക് നല്‍കിയിട്ടില്ലെന്നും ആധാര്‍ ലഭ്യമല്ലെങ്കില്‍ മരണം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും പരേതന്റെ ഫോട്ടോയും മതിയെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇവയൊന്നും ഇല്ലാത്തപക്ഷം മരണം സ്ഥാപിച്ചുകൊണ്ട് പരേതന്റെ അടുത്തബന്ധു ശ്മശാനം അധികൃതര്‍ക്ക് കത്തു നല്‍കിയാല്‍ മതിയെന്നും സര്‍ക്കുലറില്‍ പറയുന്നു. പരേതന്റെ ഫോട്ടോ അടക്കമാണ് കത്ത് നല്‍കേണ്ടത് .

മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി നഗരത്തിലെ ശ്മശാനങ്ങളിലെത്തുന്നവരോട് ജീവനക്കാര്‍ പരേതന്റെ ആധാര്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആധാര്‍ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതുബന്ധപ്പെട്ട് വിഷമതകള്‍ നേരിട്ടതായി ബന്ധുക്കള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ബിബിഎംപി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 വൈദ്യുത ശ്മശാനങ്ങളടക്കം 58 ശ്മശാനങ്ങളാണുള്ളത്.