'അയോഗ്യനാക്കപ്പെട്ട എം.പി': ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി

ലോക്സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി. ലോക്‌സഭ എംപി എന്നത് മാറ്റി ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് ഇപ്പോള്‍ ട്വിറ്റര്‍ ബയോയില്‍ രാഹുല്‍ ചേര്‍ത്തിരിക്കുന്നത്. തനിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സത്യാഗ്രഹ സമരം നടത്തുമ്പോഴാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള രാഹുലിന്റെ ഈ പ്രതിഷേധം.ട്വിറ്ററില്‍ 23 മില്യണ്‍ ആളുകള്‍ പിന്തുടരുന്ന നേതാവാണ് രാഹുല്‍.

രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലാണ് സത്യാഗ്രഹം നടക്കുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹം. പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

വൈകിട്ട് അഞ്ച് മണിവരെയാണ് സത്യാഗ്രഹം. പരിപാടിക്ക് പൊലീസ് ആദ്യം അനുമതി നിഷേധിച്ചു. സത്യാഗ്രഹത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുകയും അണികള്‍ എത്തിച്ചേരുകയും ചെയ്തതിനു പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ കത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഇതിനു പിന്നാലെ നിരോധനാജ്ഞ പിന്‍വലിച്ച് പൊലീസ് സത്യാഗ്രഹത്തിന് അനുമതി നല്‍കി.

തിങ്കളാഴ്ച മുതല്‍ മറ്റ് പ്രതിഷേധങ്ങള്‍ക്കും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ രാഹുല്‍ ഗാന്ധിക്കെതിരായ വിധിക്കെതിരെ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കും. അഭിഷേക് മനു സിംഗ്വി അടങ്ങുന്ന സമിതി ഇന്ന് യോഗം ചേര്‍ന്നേക്കും. അതേസമയം, കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലെ ഗാന്ധി പാര്‍ക്കിലാണ് സമരം.