രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി വരുന്നു, ഇ പാസ്‌പോര്‍ട്ട് ഉടന്‍

രാജ്യത്തിന് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി കൊണ്ടു വരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സിയുടെ വിതരണം തുടങ്ങും. ബ്ലോക്ക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യങ്ങള്‍ ഉപയോഗിച്ചാവും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുകയെന്നും ധനമന്ത്രി അറിയിച്ചു. 2022 കേന്ദ്ര ബജറ്റിലാണ് പ്രഖ്യാപനം.

പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇ-പാസ്പോര്‍ട്ടുകളില്‍ എംബഡഡ് ചിപ്പുകളും ഫ്യൂച്ചറിസ്റ്റിക് സാങ്കേതിക വിദ്യയും ഉപയോഗിക്കും.

ഇ-പാസ്പോര്‍ട്ടുകളില്‍ കൂടുതല്‍ സുരക്ഷാ സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നും റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനും ബയോമെട്രിക്സും ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പാസ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കും. പാസ്പോര്‍ട്ടില്‍ സുരക്ഷാ സംബന്ധിയായ ഡാറ്റ എന്‍കോഡ് ചെയ്ത ഇലക്ട്രോണിക് ചിപ്പ് ഉണ്ടായിരിക്കും. നിലവില്‍ ബുക്ക്ലെറ്റിലാണ് പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നത്.

ഇ-പാസ്പോര്‍ട്ട് ആഗോളതലത്തില്‍ ഇമിഗ്രേഷന്‍ പോസ്റ്റുകളിലൂടെ സുഗമമായി കടന്നുപോകാന്‍ സഹായിക്കുമെന്നും ബയോമെട്രിക് ഡാറ്റയെ ആശ്രയിക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷ നല്‍കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.