ക്യാമറയുടെ ക്യാപ് മാറ്റാതെയാണോ മോദി ചീറ്റകളുടെ ചിത്രമെടുത്തത്? ട്രോളുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ..

ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയില്‍ എത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുമോ നാഷണല്‍ പാര്‍ക്കില്‍ തുറന്നു വിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തിയിരുന്നു. ചീറ്റകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മോദിയുടെ ചിത്രങ്ങളും വൈറലായിരുന്നു.

ചീറ്റയുടെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ മോദി ക്യാമറയുടെ ക്യാപ് മാറ്റിയില്ല എന്ന തരത്തില്‍ ട്രോളുകളും പ്രചരിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ജവഹര്‍ സിര്‍കാറും ഈ ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി ഒട്ടേറെ നേതാക്കള്‍ രംഗത്തെത്തി.

കാനന്‍ കവറുള്ള നിക്കോണ്‍ ക്യാമറയാണ് പ്രചരിക്കുന്ന വ്യാജ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും മോദി ചിത്രമെടുത്തത് നിക്കോണ്‍ ക്യാമറയിലാണെന്നും ബിജെപി നേതാവ് സുകാന്ത മജുംദാര്‍ ട്വീറ്റ് ചെയ്തു. ഇതോടെ തൃണമൂല്‍ എംപി ട്വീറ്റ് പിന്‍വലിച്ചു.

ടെറ ഏവിയ എന്ന മൊള്‍ഡോവന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് നമീബിയയില്‍ ചീറ്റകള്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര.