ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധർ, രാജ്യത്ത് ആശങ്ക

ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചു. ഡെല്‍റ്റ പ്ലസ് എന്ന പേരിലുള്ള പുതിയ വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് അതീവ വ്യാപനശേഷിയും മാരകശേഷിയും ഉള്ള കോവിഡ് വകഭേദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോ ക്ലോണല്‍ ആന്റി ബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്ന് വിദഗ്ധരുടെ അഭിപ്രായം. കൃത്യമായി മുന്‍കരുതല്‍ സ്വീകരിക്കണമെന്ന്  ഐ.സി.എം.ആര്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

യുകെ സര്‍ക്കാരിന് കീഴിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 7 പേരിലാണ് ഇന്ത്യയില്‍ വൈറസിന്റെ ജനിതകമാറ്റം കണ്ടെത്തിയത്. അതിവേഗത്തിലാണ് അതിന്റെ വ്യാപനമെന്ന് പഠനം വ്യക്തമാകുന്നു. ഇന്ത്യയില്‍ രണ്ടാം വ്യാപനം അതിരൂക്ഷമാകാന്‍ കാരണം ഇതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രണ്ടാം തരംഗം രാജ്യത്ത് അതിന്റെ ശമനത്തിലേക്ക് പോകുന്നതിനിടെയാണ് പുതിയ ജനിതകമാറ്റം കണ്ടെത്തിയത്. രാജ്യത്ത് മൂന്നാം തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മരണനിരക്കില്‍ 19 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. ചില സംസ്ഥാനങ്ങളില്‍ പഴയ മരണനിരക്കു കൂടി ചേര്‍ത്തതാണ് ഇത്തരത്തില്‍ മരണസംഖ്യ കൂടാന്‍ കാരണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.