ഡല്‍ഹി കലാപം: കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കെജ്‌രിവാള്‍

ഡല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

“” ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുന്നതായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാരില്‍ ജോലിയും നല്‍കും””, കെജ്‌രിവാള്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ട ഡല്‍ഹി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം കലാപത്തില്‍ കൊല്ലപ്പെട്ട മറ്റ് കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

അക്രമത്തില്‍ ഇതുവരെ 46 പേരാണ് കൊല്ലപ്പെട്ടത്. നൂറ് കണക്കിന് ആളുകള്‍ ചികിത്സയില്‍ തുടരുകയാണ്. നഷ്ടപരിഹാര തുക ബാങ്ക് അക്കൗണ്ട് വഴി കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും ചികിത്സാചെലവുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.