ഡൽഹി ബലാത്സംഗ- കൊലപാതക കേസ്; മരണകാരണം കണ്ടെത്താനായില്ലെന്ന് ഡോക്ടർമാരുടെ സമിതി

ഡൽഹി കന്റോൺമെന്റിലെ നംഗൽ ഗ്രാമപ്രദേശത്ത് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി നിർബന്ധിതമായി സംസ്കരിച്ച ഒൻപത് വയസ്സുകാരി പെൺകുട്ടിയുടെ മരണകാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മൂന്ന് ഡോക്ടർമാരുടെ സമിതി ഡൽഹി പൊലീസിനെ അറിയിച്ചു.

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചോ ഇല്ലയോ എന്ന നിഗമനത്തിൽ എത്താൻ ബുദ്ധിമുട്ടാണെന്നും ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലെ ഡോക്ടർമാർ ഡൽഹി കന്റോൺമെന്റിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെ (ഡിസിപി) അറിയിച്ചിട്ടുണ്ട്.

ഫോറൻസിക് വിദഗ്ദ്ധർ എത്തുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചതിനാൽ, കണങ്കാലുകളും ശ്വാസകോശത്തിന്റെ ചില ഭാഗങ്ങളും ഹൃദയവും മാത്രമേ അവർക്ക് കണ്ടെത്താനായുള്ളൂ. സാമ്പിളുകൾ ഡോക്ടർമാരുടെ സമിതിക്ക് അയച്ചു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതാണെന്നും എന്നാൽ വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ചു ഒരു പുരോഹിതൻ പെൺകുട്ടിയുടെ മൃതശരീരം ബലമായി ദഹിപ്പിച്ചെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. പൊലീസിനെ അറിയിക്കരുതെന്ന് മാതാപിതാക്കളോട് പുരോഹിതൻ ആവശ്യപ്പെട്ടിരുന്നു, പൊലീസുകാരെ ഉൾപ്പെടുത്തിയാൽ പ്രശ്നം സങ്കീർണ്ണമാക്കുമെന്നാണ് ഇയാൾ മാതാപിതാക്കളോട് പറഞ്ഞത്.

ഡൽഹി കാന്റിൽ 9 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ഡിസിപി മോണിക ഭരദ്വാജിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ത്വരിതവും ശാസ്ത്രീയവുമായ അന്വേഷണത്തിനാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചതെന്ന് ഡൽഹി പൊലീസ് പിആർഒ ചിൻമോയ് ബിസ്വാൾ പറഞ്ഞു.

ബുധനാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. 9 വയസ്സുള്ള ഡൽഹി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും നിർബന്ധിതമായി ദഹിപ്പിക്കുകയും ചെയ്തത് രാജ്യവ്യാപകമായി നീതിക്കായുള്ള മുറവിളിക്കാണ് കാരണമായിരിക്കുന്നത്.