ഡൽഹി സ്ഫോടനം; അന്വേഷണം എൻ ഐ എ ഏറ്റെടുത്തു

രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുത്തു. കേസ് അന്വേഷണം പൂർണമായും ഏറ്റെടുത്തതായി എൻ ഐ എ അറിയിച്ചു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്. വിവിധ അന്വേഷണ സംഘങ്ങൾ വിശദമായ അന്വേഷണം തുടരുകയാണ്. ഈ അന്വേഷണങ്ങളെല്ലാം ഇനി എൻ ഐ എയുടെ മേൽനോട്ടത്തിലാകും നടക്കുക.

സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ 20 കാറിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. എച്ച്ആർ‌ 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണെന്ന സംശയം ഉണ്ട്. ഇത് സ്ഥിരീകരിക്കാനായി ഡി എൻ എ പരിശോധന നടത്തും.

അതേസമയം ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ഇതുവരെ 13 പേരെ ചോദ്യം ചെയ്തു. സ്ഫോടനത്തിൽ എട്ടുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ളത് മുപ്പതിലേറെ പേരാണ്. ഇവരിൽ 6 പേരുടെ നില അതീവ ഗുരുതരമാണ്. അതേ സമയം, ദില്ലി സ്ഫോടനത്തെപ്പറ്റി ഇപ്പോൾ മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. എല്ലാ തെളിവുകളും ശേഖരിച്ചു വിലയിരുത്തി വരികയാണ്. വസ്തുതകൾ വ്യക്തമാകും വരെ ഒന്നും പറയാനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡി സി പി രാജ ഭാണ്ടിയ ഐ പി എസ് വ്യക്തമാക്കി.

Read more