ദളിത് യുവതിയ്ക്ക് തെരുവില്‍ പൊലീസ് മര്‍ദ്ദനം; വീഡിയോ വൈറലായതിന് പിന്നാലെ വ്യാപക വിമര്‍ശനം

ദളിത് യുവതിയെ പൊലീസ് തെരുവില്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. ബിഹാറിലെ സീതാമര്‍ഹിയിലാണ് സംഭവം നടന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സുരസന്ദ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രാജ്കിഷോര്‍ സിംഗ് ആണ് സ്ത്രീയെ വടികൊണ്ട് മര്‍ദ്ദിച്ചത്.

ജനങ്ങള്‍ കൂടി നില്‍ക്കുന്നതിനിടയില്‍ രാജ്കിഷോര്‍ നിരവധി തവണ സ്ത്രീയെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായെന്നും ഇത് തടയാനാണ് അടിച്ചതെന്നുമാണ് പൊലീസിന്റെ വാദം.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് സംഭവിച്ചതെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വിനോദ് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ഇതേ തുടര്‍ന്ന് റോഡില്‍ ഗതാഗതം സ്തംഭിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് പൊലീസ് ലാത്തി പ്രയോഗിച്ചതെന്നും വിനോദ് കുമാര്‍ പറഞ്ഞു.