കള്ളപ്പണക്കേസ്; ഡി.കെ ശിവകുമാറിനെ പ്രത്യേക സിബിഐ കോടതി 9 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഈ മാസം 13 വരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തെ റിമാന്‍ഡായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 9 ദിവസത്തേക്കാണ് ഇപ്പോള്‍ പ്രത്യേക സിബിഐ കോടതി ശിവകുമാറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

എല്ലാ ദിവസവും അരമണിക്കൂര്‍ നേരം ബന്ധുക്കള്‍ക്ക് ശിവകുമാറിനെ സന്ദര്‍ശിക്കാനും സിബിഐ ജ!ഡ്ജി അജയ് കുമാര്‍ കുഹാര്‍ അനുമതി നല്‍കി. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചു എന്ന് ശിവകുമാര്‍ കോടതിയെ അറിയിച്ചു. താന്‍ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഡി കെ ശിവകുമാര്‍ കോടതിയില്‍ വ്യക്തമാക്കി.

ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ശിവകുമാറിന്റെ നിയമ വിരുദ്ധ ഇടപാടുകള്‍ക്ക് നിരവധി തെളിവുകള്‍ ലഭിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്.

അന്വേഷണം നിര്‍ണ്ണായകഘട്ടത്തിലാണെന്നും ശിവകുമാറിനെ കസ്റ്റഡിയില്‍ ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വാദിച്ചു. ചോദ്യം ചെയ്യല്‍ സമയത്ത് എങ്ങും തൊടാത്ത മറുപടികളാണ് ശിവകുമാര്‍ നല്‍കിയതെന്നും ശിവകുമാര്‍ കുറ്റക്കാരനാണെന്ന് വിശ്വസിക്കാന്‍ കാരണങ്ങളുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ശിവകുമാറിന്റെയും കുടുംബത്തിന്റെയും സ്വത്തില്‍ അസാധാരണ വളര്‍ച്ചയാണുണ്ടായതെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.