മൃത്യുഞ്ജയ ഹോമവും വഴിപാടുകളും; മോദിയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിച്ച് ബി.ജെ.പി നേതാക്കള്‍

പ്രധാനമന്ത്രിയുടെ ദീര്‍ഘായുസ്സിന് വേണ്ടി മഹാ മൃത്യുഞ്ജയ ഹോമം നടത്തി ബിജെപി. ഡല്‍ഹിയിലെ വിവിധ ക്ഷേത്രങ്ങളിലാണ് പൂജ നടത്തിയത്. പഞ്ചാബിലെ ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് മോദിക്ക് വേണ്ടി പൂജ സംഘടിപ്പിച്ച്ത്.

ഡല്‍ഹിയിലെ പ്രീതിവിഹാറിലെ ദുര്‍ഗ മന്ദിറില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി അരുണ്‍സിംഗിന്റെ നേതൃത്വത്തിലും മധ്യപ്രദേശിലെ ഭോപാലില്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലും പ്രാര്‍ത്ഥനാ യജ്ഞം നടന്നു. ദേശീയ വൈസ് പ്രസിഡന്റ് ബയ്ജയന്ത് പാണ്ഡ, ബി.ജെ.പി നേതാക്കളായ ഹര്‍ഷ് മല്‍ഹോത്ര, സിദ്ധാര്‍ത്ഥന്‍ എന്നിവരും പ്രീതിവിഹാറിലെ പൂജയില്‍ പങ്കെടുത്തിരുന്നു. ഡല്‍ഹി ബിജെപി അദ്ധ്യക്ഷന്‍ ആദേശ് ഗുപ്തയും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതവും കൊണാട്ട് പ്ലേസിലെ ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം നടത്തി. കൊണാട്ട് പ്ലേസിലെ ഹനുമാന്‍ മന്ദിറിലും ബി.ജെ.പി നേതാക്കള്‍ പ്രാര്‍ത്ഥന നടത്തി.

പ്രധാനമന്ത്രി ഒരു പ്രത്യേക പാര്‍ട്ടിയുടേതല്ല, മുഴുവന്‍ രാജ്യത്തിന്റേതാണ് എന്നും മോദി രാജ്യത്തിന്റെ നിധിയാണ്. അദ്ദേഹത്തിന്റെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്നും ആദേശ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച പഞ്ചാബിലെ ഫിറോസ്പൂരിലെ തിരഞ്ഞെടുപ്പ് റാലിക്ക് വേണ്ടി പോകുകയായിരുന്ന പ്രധാനമന്ത്രിയുടെ വാഹനം കര്‍ഷകര്‍ റോഡില്‍ തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് 20 മിനിറ്റ് നേരം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറില്‍ കുടുങ്ങിക്കിടന്നിരുന്നു. ശേഷം പരിപാടികള്‍ റദ്ദാക്കി പ്രധാനമന്ത്രി മടങ്ങുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി പഞ്ചാബില്‍ എത്തിയത്.