ബിഹാറിലെ ബെഗുസരായില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി കനയ്യ കുമാര്‍; ദേശീയതലത്തില്‍ 48 മണ്ഡലങ്ങളില്‍ പാര്‍ട്ടി മത്സരിക്കും

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ ബെഗുസരായില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ മത്സരിപ്പിക്കാന്‍ സിപിഐ നീക്കം. ദേശീയതലത്തില്‍ സിപിഐ 48 മണ്ഡലങ്ങളില്‍ മത്സരിക്കും. ഉത്തര്‍പ്രദേശില്‍ പത്ത് മണ്ഡലങ്ങളിലും ബീഹാറില്‍ അഞ്ചിടത്തും മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

ബീഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാസഖ്യത്തില്‍ സിപിഐയുമുണ്ട്. മഹാസഖ്യത്തില്‍ സീറ്റുവിഭജനത്തെ കുറിച്ചുള്ള ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ ബെഗുസരായില്‍ കനയ്യ കുമാര്‍ തന്നെ മത്സരിക്കാനാണ് സാധ്യത. ഇത് വ്യക്തമാക്കുന്ന പ്രചാരണം ആരംഭിച്ചു.

തമിഴ്‌നാട്ടില്‍ രണ്ടു സീറ്റുകളില്‍ സിപിഐ മത്സരിക്കാന്‍ ഡിഎംകെ സഖ്യത്തില്‍ ധാരണയായിട്ടുണ്ട്. യുപിയില്‍ സിപിഐ തനിച്ച് മത്സരിക്കാനാണ് തീരുമാനം. കേരളത്തില്‍ മത്സരിക്കുന്ന നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ സിപിഐ തീരുമാനിച്ചിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിന് ശേഷം പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും.