പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം; ഡിസംബറില്‍ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാന്‍ സി.പി.എം ആഹ്വാനം

പൊതുമേഖല സ്ഥാപനങ്ങള്‍ വന്‍തോതില്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ ഡിസംബറില്‍ ഉടനീളം പ്രതിഷേധപരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാന്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളോടും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു. പൊതു ആസ്തികള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധവും പ്രക്ഷോഭവുമെന്ന് പൊളിറ്റ്ബ്യൂറോ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്തിന്റെ സ്വാശ്രയത്വം തകര്‍ക്കുന്ന വിധത്തില്‍ മോദി സര്‍ക്കാര്‍ ശിങ്കിടിമുതലാളിത്തത്തിനു ആനുകൂല്യങ്ങള്‍ നല്‍കുകയാണ്. ഇത്തരം സ്വകാര്യവത്കരണം തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാക്കും. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് സംവരണം വഴി ലഭിച്ചു വന്നിരുന്ന ചെറിയ തോതിലുള്ള ആശ്വാസം പോലും ഇല്ലാതാകും.

ജനങ്ങളുടെ വാങ്ങല്‍കഴിവുകള്‍ കുത്തനെ ഇടിഞ്ഞതാണ് സാമ്പത്തികമാന്ദ്യത്തിനു കാരണം. സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടത് ജനങ്ങളുടെ വാങ്ങല്‍കഴിവുകള്‍ ഉയര്‍ത്തി അതുവഴി ആഭ്യന്തരചോദന വര്‍ദ്ധിപ്പിക്കലാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ രണ്ട് ഘട്ടമായി 2.15 ലക്ഷം കോടി രൂപയുടെ നികുതിയിളവും ഇതര ആനുകൂല്യങ്ങളും കോര്‍പറേറ്റുകള്‍ക്ക് നല്‍കുകയാണ് ചെയ്തത്. പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ഇത്രയും തുക വിനിയോഗിച്ചിരുന്നെങ്കില്‍ ലക്ഷക്കണക്കിനു തൊഴിലവസരം ഉണ്ടായേനെ- സീതാറാം യെച്ചൂരി പറഞ്ഞു.