യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക്; ആവശ്യവുമായി സിപിഎം ബംഗാള്‍ ഘടകം, പ്രതീക്ഷ കോണ്‍ഗ്രസ് പിന്തുണ

പാര്‍ലമെന്റില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി സി.പി.ഐ.എം പശ്ചിമ ബംഗാള്‍ ഘടകം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനൊരുങ്ങുന്നു. ബംഗാളിലെ അഞ്ചു സീറ്റുകളിലേക്കു നടക്കുന്ന രാജ്യ സഭാതെരഞ്ഞെടുപ്പില്‍ യെച്ചൂരിയെ മത്സരിപ്പിക്കാനാണ് ആലോചന. കോണ്‍ഗ്രസ് യെച്ചൂരിയെ പിന്തുണയ്ക്കുമെന്നാണ് സൂചന.

2005 മുതല്‍ 2017 വരെ സീതാറാം യെച്ചൂരി രാജ്യസഭാ അംഗമായിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ എംപിയായതിനെ തുടര്‍ന്നാണ് യെച്ചൂരി മാറി നിന്നത്. പശ്ചിമബംഗാളില്‍ നിന്ന് യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ സിപിഎമ്മിന് ഒറ്റയ്ക്ക് കഴിയില്ല. കോണ്‍ഗ്രസ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം ബംഗാള്‍ ഘടകം.

ഇത്തവണ യെച്ചൂരി മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് ബംഗാളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. 2017 ലും തങ്ങള്‍ പിന്തുണയ്ക്കാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ സി.പി.ഐ.എം തന്നെയാണ് യെച്ചൂരിയെ മത്സരിപ്പിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമബംഗാളിലെ അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരിയിലാണ് ഇലക്ഷന്‍. നാല് സീറ്റ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുണ്ട്.