ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിർന്ന നേതാക്കൾക്കുമൊപ്പം മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറും സത്യപ്രതിജ്‌ഞാ ചടങ്ങിനെത്തിയിരുന്നു.
ചടങ്ങിൽ ശ്രദ്ധേയമായത് ജഗ്ദീപ് ധൻകറുടെ സാന്നിധ്യം ആയിരുന്നു. അപ്രതീക്ഷിത രാജിയ്ക്ക് ശേഷം ജഗ്ദീപ് ധൻകർ പൊതുവിടങ്ങളിൽ ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ചൊവ്വാഴ്ച്‌ച നടന്ന വോട്ടെടുപ്പിൽ 452 വോട്ടുനേടിയാണ് എൻഡിഎ സ്ഥാനാർഥിയായ സിപി രാധാകൃഷ്‌ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. തമിഴ്നാട് തിരുപ്പൂർ സ്വദേശിയാണ് സിപി രാധാകൃഷ്ണൻ.
Read more
ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി ബി സുദർശൻ റെഡ്‌ഡിക്ക് 300 വോട്ടാണ് ലഭിച്ചത്. 781 എംപിമാരിൽ 767 പേർ വോട്ടു രേഖപ്പെടുത്തിയിരുന്നു. റെക്കോർഡ് സംഖ്യയായ 98.2 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഇതിൽ 15 വോട്ടുകൾ അസാധുവായി. എൻഡിഎയിലെ 427 എംപിമാരെ കൂടാതെ വൈഎസ്ആർസിപിയിലെ 11 എംപിമാരും രാധാകൃഷ്ണനെ പിന്തുണച്ചു. ഇതുകൂടാതെ പ്രതിപക്ഷത്തുനിന്ന് ചോർന്ന 14 വോട്ടും രാധാകൃഷ്‌ണന് അധികമായി ലഭിച്ചു.







