കോവിഡ് രോഗിയുടെ മൃതദേഹം ഗുജറാത്തിലെ ബസ് സ്റ്റാൻഡിൽ; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ് രൂപാണി

അഹമ്മദാബാദിലെ ഡാനിലിംഡയിലെ ബിആർടിഎസ് ബസ് സ്റ്റാൻഡിൽ ശനിയാഴ്ച രാത്രി കോവിഡ് ബാധിതനായിരുന്ന ചഗൻ മക്വാന എന്ന 67 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ചഗൻ മക്വാന മെയ് 10 മുതൽ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥർ നഗരത്തിലെ വി.എസ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് ഒരു കത്തും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. ഇത് മക്വാനയുടെ കുടുംബാംഗങ്ങളിലേക്ക് പൊലീസിനെ നയിച്ചു. അഹമ്മദാബാദിലെ ഡാനിലിംഡ പ്രദേശത്തെ രോഹിത് പാർക്ക് സൊസൈറ്റിയിൽ താമസിക്കുന്നയാളാണ് ചഗൻ മക്വാനയെന്ന് പിന്നീട് വെളിപ്പെട്ടു.

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലായ ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ഡോക്ടർമാർ ശേഖരിക്കുകയും തുടർന്ന് കോവിഡ് സ്ഥിരീകരിച്ചെന്നും പിന്നീട് സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുനെന്നും കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു.

മക്വാനയുടെ നിര്യാണത്തെക്കുറിച്ച് അറിഞ്ഞ അദ്ദേഹത്തിന്റെ കുടുംബം ഞെട്ടലിലാണ്. കോവിഡ് ബാധയിൽ നിന്ന് സുഖം പ്രാപിക്കുമ്പോൾ കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് സിവിൽ ആശുപത്രി അധികൃതർ പറഞ്ഞതായി അവർ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

കോവിഡ് -19 സ്ഥിരീകരിച്ചിട്ടും അദ്ദേഹത്തെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ നിന്ന് എങ്ങനെ പുറത്താക്കി എന്ന് അറിയാൻ ചഗൻ മക്വാനയുടെ കുടുംബം ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവം ശ്രദ്ധയിൽപെട്ട ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഇക്കാര്യം അന്വേഷിക്കാൻ ഐ‌എ‌എസ് (റിട്ട.) ജെ പി ഗുപ്തയോട് ഉത്തരവിട്ടു. റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കണം.