വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്കുകടന്ന വജ്രവ്യാപാരി നീരവ്മോദിയുടെ 60 കോടിരൂപയുടെ സ്വത്തുക്കള്‍ ബാങ്കിന് വിട്ടുകൊടുക്കാന്‍ ഇഡിയോട് നിര്‍ദേശിച്ച് സിബിഐ കോടതി.
നീരവ്മോദിയുടെ കൈവശമുണ്ടായിരുന്ന 40.83 കോടിരൂപ വിലമതിക്കുന്ന ആഭരണങ്ങള്‍, നാണയങ്ങള്‍, വാച്ചുകള്‍, പണം, സഹോദരി പൂര്‍വിമോദിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 19.50 കോടിരൂപയുടെ ഫ്‌ളാറ്റ് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കിന് (പിഎന്‍ബി)വിട്ടുകൊടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് പിഎന്‍ബി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരം കോടതിയെ സമീപിച്ചിരുന്നു.
മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പുമൂലം പിഎന്‍ബിക്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനും 8526 കോടിരൂപയിലധികം നഷ്ടംസംഭവിച്ചതായി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. പിഎന്‍ബി പരാമര്‍ശിച്ചിട്ടുള്ള സ്വത്തുക്കള്‍ വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. പൂര്‍വിമോദിയുടെ അഭിഭാഷകനും ഹര്‍ജിയെ എതിര്‍ത്തില്ല.
Read more
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന വായ്പത്തട്ടിപ്പിലെ പ്രധാനപ്രതിയാണ് നീരവ്മോദി. 2018-ലാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. 2019 ഡിസംബറില്‍ രാജ്യത്തുനിന്ന് ഒളിച്ചോടിയ നീരവ്മോദിയെ കോടതി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.