ഹരിയാന കോണ്‍ഗ്രസ് വക്താവ് അജ്ഞാതസംഘത്തിന്റെ വെടിയേറ്റു മരിച്ചു

ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വെടിയേറ്റു മരിച്ചു. വികാസ് ചൗധരിയാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. കാറില്‍ യാത്ര ചെയ്യവേയാണ് അദ്ദേഹത്തിന് നേരെ നിറയൊഴിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാവിലെ ജിമ്മില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു സംഭവം. കാറില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ പിന്തുടര്‍ന്നെത്തിയ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പത്ത് തവണയോളം അക്രമികള്‍ വെടിയുതിര്‍ത്തെന്നും നിരവധി വെടിയുണ്ടകള്‍ ശരീരത്തില്‍ തുളഞ്ഞു കയറിയെന്നുമാണ് റിപ്പോര്‍ട്ട്.

കൊലപാതകത്തില്‍ നടുക്കം രേഖപ്പെടുത്തി ഹരിയാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് തന്‍വാര്‍ രംഗത്തെത്തി. കാട്ടുനീതിയാണ് ഇവിടെയെന്നും സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.