രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടപടി; രാജ്യവ്യാപക പ്രതിഷേധം; ജനാധിപത്യത്തിനായി കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പോരാട്ടം

ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്കായി കോണ്‍ഗ്രസ് ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലേക്ക്. ഇന്ന് മുതല്‍ രാജ്യ വ്യാപകമായി പ്രതിഷേധം ആരംഭിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എഐസിസി, പിസിസി, ഡിസിസി, ബ്ലോക്ക് തലങ്ങളിലാകും പ്രതിഷേധം.

ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനായി സമിതിക്കും രൂപം നല്‍കും. ഡല്‍ഹിയില്‍ ഉടന്‍ വന്‍ റാലി നടത്തും. ലോക്‌സഭയില്‍ അദാനിക്കെതിരെ രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ പ്രതികാരമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബോധ്യപ്പെടുത്താനാകും പാര്‍ട്ടി ശ്രമിക്കുക.

ഇന്ന് ഉച്ചയ്ക്ക് എഐസിസി ആസ്ഥാനത്ത് രാഹുല്‍ മാധ്യമങ്ങളെ കാണും. അടുത്ത ആഴ്ചയാകും സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുക.

മോദി സമുദായത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

Read more

സൂറത്ത് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ നിന്നും അപ്പീല്‍ ലഭിച്ചില്ലെങ്കില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. കോടതി വിധിക്ക് സ്റ്റേ അനുവദിച്ചില്ലങ്കില്‍ വയനാട്ടില്‍ നിന്നും വേറെ നേതാക്കളാരെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കേണ്ടി വരും.