ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയുടെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത്. ബിജെപിയുടെ ഭരണഘടനയിൽ മതേതരത്വം, സാമൂഹിക നീതി, സർവ ധർമ്മ സമഭാവ് എന്നിവയോട് കൂറ് പുലർത്തുന്നു എന്ന് പറയുന്നുണ്ട്. എന്നിട്ടാണ് ഇന്ത്യൻ ഭരണഘടനയിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്ന് കോൺഗ്രസ് എംപി മണിക്കം ടാഗോർ ചൂണ്ടിക്കാട്ടി. ബിജെപി സ്വന്തം ഭരണഘടനയെക്കുറിച്ച് ലജ്ജിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
ഭരണഘടനയുടെ ആമുഖത്തിൽ നിന്നും ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ദത്താത്രേയ ഹൊസബല്ലയുടെ പരാമർശം. ബിജെപിക്ക് അത് മായ്ക്കാൻ കഴിയില്ലെന്നും മണിക്കം ടാഗോർ പറഞ്ഞു. രാജ്യത്തെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നും മണിക്കം ടാഗോർ പറഞ്ഞു.
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്‌സ്, അംബേദ്കർ ഇന്റർനാഷണൽ സെന്റർ, ഹിന്ദുസ്ഥാൻ സമാചാർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഹൊസബല്ല.
Read more
അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഇന്ദിരാ ഗാന്ധി സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ആർഎസ്എസ് നേതാവ് വിവാദ പരാമർശം നടത്തിയത്. രാജ്യത്ത് അടിയന്തിരാവസ്ഥ ഏർപ്പെടുത്തിയ കോൺഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ദത്താത്രേയ ഇന്ത്യയിലെ ജനാധിപത്യത്തെ നിർവചിക്കുന്ന മതേതരത്വം, സോഷ്യലിസം തുടങ്ങിയ പദങ്ങൾ ഭരണഘടനയിൽ തിരുകിക്കയറ്റിയതാണെന്നും ഈ വാക്കുകൾ അവിടെ തുടരണമോ എന്ന് നാം ചിന്തിക്കണമെന്നും പറഞ്ഞു.