മാംസാഹാരം കഴിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം; ജെ.എന്‍.യുവില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്‌

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മാംസാഹാരം കഴിക്കുന്നത് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. രാമ നവമി ദിനത്തില്‍ മാംസാഹാരം കഴിക്കരുത് എന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ ഇടത് സംഘടനയിലെ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍വെച്ച് മര്‍ദ്ദിച്ചിരുന്നു ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഐപിസി സെക്ഷന്‍ 323, 341, 509, 509, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മര്‍ദ്ദനത്തില്‍ 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ (ജെഎന്‍യുഎസ്യു), എസ്എഫ്ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് പാരതി നല്‍കിയിരിക്കുന്നത്.

എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്‌ഐ നേതാവ് അയ്ഷി ഘോഷ് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ മാംസാഹാരം കഴിക്കുന്നത് എബിവിപി വിലക്കി. ഹോസ്റ്റലിലെ മെസ് സെക്രട്ടറിയെ മര്‍ദ്ദിച്ചു. ക്യാംപസിനകത്ത് ഗുണ്ടായിസം അഴിച്ചുവിടുകയാണ് ഇവര്‍ക്കെതിരെ ഒന്നിക്കണമെന്നും അയ്ഷി ഘോഷ് പറഞ്ഞു.

അതേ സമയം സംഭവത്തില്‍ എബിവിപിയും പരാതി നല്‍കിയിട്ടുണ്ട്. ഹോസ്റ്റലില്‍ ഒരു പൂജ സംഘടിപ്പിക്കുന്നത് തടയാന്‍ ഇടതു സംഘടനാ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് എന്നാണ് എബിവിപി പ്രവര്‍ത്തകരുടെ പ്രതികരണം.

മെസ്സില്‍ മാംസാഹാരം ഭക്ഷണം കഴിക്കുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കി സര്‍വ്വകലാശാല നോട്ടീസ് പുറത്തിറക്കി. അധികൃതര്‍ അങ്ങനെയൊരു നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. റമദാന്‍ ആണെങ്കിലും രാമ നവമി ആണെങ്കിലും എല്ലാവരും സ്വന്തം രീതിയില്‍ ആഘോഷിക്കൂവെന്ന് ജെഎന്‍യു റെക്ടര്‍ അജയ് ദുബേ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.