ആൺ ചീറ്റകളുമായി ഏറ്റുമുട്ടൽ;കുനോ നാഷണൽ പാർക്കിലെ മൂന്നാമത്തെ ചീറ്റയും ചത്തു

ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഒരു ചീറ്റ കൂടി ചത്തതായി റിപ്പോർട്ട്. ദക്ഷ എന്ന് പേരിട്ട ചീറ്റയാണ് ചത്തത്.കെ എൻപിയുടെ നിരീക്ഷണസംഘം പരിക്കേറ്റ്  അവശനിലയിൽ കണ്ടെത്തിയ ചീറ്റക്ക് മരുന്നും ഭക്ഷണവും അടിയന്തിരമായി എത്തിച്ചെങ്കിലും ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ചീറ്റക്ക് ജീവൻ നഷ്മമാവുകയായിരുന്നു. കുനോ നാഷണൽ പാർക്കിൽ 40 ദിവസത്തിനിടെ മൂന്നാമത്തെ ചീറ്റയാണ് ഇതോടുകൂടി ചത്തത്.

ആൺ ചീറ്റകളുമായുള്ള ഏറ്റുമുട്ടലിലാണ് പരിക്കു പറ്റിയതെന്നാണ് പ്രാഥമിക വിവരം. വായു,അഗ്നി എന്നീ ആൺ ചീറ്റകളാണ് ദക്ഷയുമായി ഏറ്റുമുട്ടിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നുമായി 20 ചീറ്റകളെയാണ് കുനോ ദേശീയോദ്യാനത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി എത്തിച്ചത്. നേരത്തെ മാർച്ച്  27 നും ഏപ്രിൽ 23 നുമായി യഥാക്രമം ഒരു പെൺചീറ്റയും ആൺചീറ്റയും ചത്തിരുന്നു.

കിഡ്നി സംബന്ധമായ പ്രശ്നത്തെ തുടർന്നാണ് മാർച്ചിൽ സാഷയെന്ന ചീറ്റ ചത്തത്. ഏപ്രിലിൽ അസുഖം ബാധിച്ച് ആൺചീറ്റ ഉദയും ചത്തു.അതേ സമയം മരണങ്ങളിൽ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും  ചീറ്റകൾക്ക് അത്തരം രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും  വനം മന്ത്രാലയം വ്യക്തമാക്കി. മറ്റ് ചീറ്റകൾ എല്ലാം തന്നെ ആരോഗ്യമുള്ളവരാണ്. അവർ ഇര തേടുന്നുണ്ട്.

ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്ന ചീറ്റകളെ നാഷണൽ പാർക്കിൽ തുറന്ന് വിട്ടത്. പെൺചീറ്റപ്പുലികളിൽ ഒന്നായ സിയായ കഴിഞ്ഞ മാസം നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.