സി ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, ഡിഐജി വംശി കൃഷ്ണക്ക് അന്വേഷണ ചുമതല

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്. ആധായ നികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മ‍ർദ്ദം ഉണ്ടായെന്നാണ് റോയിയുടെ കുടുംബം ആരോപിക്കുന്നത്.

മരണ കാരണം കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ എന്നാണ് സിപിഎം വിമർശനം. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. അതേസമയം സിജെ റോയിയുടെ സംസ്കാരം നാളെ ബെംഗുളൂരുവിൽ നടക്കും. റെയ്ഡുമായി ബന്ധപ്പെട്ട് മനുഷ്യത്വപരമായ സമീപനമല്ല കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം റോയിയെ മാനസിക സമ്മര്‍ദത്തിലാക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് റെയ്ഡിന്‍റെ ഭാഗമായി ഐടി ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം. എല്ലാ നിയമങ്ങളും പാലിച്ചാണ് കോണ്‍ഫിഡന്‍റ് ഗ്രൂപ്പിലെ റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.അന്വേഷണവുമായി ബന്ധപ്പെട്ട് റോയിയുടെ മൊഴിയെടുപ്പ് ഉള്‍പ്പെടെയുളള നടപടികള്‍ സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. വെളളിയാഴ്ച പരിശോധനകള്‍ തുടരുന്നതിനിടെ ഓഫിസിലെത്തിയ റോയ് സ്വന്തം ഓഫീസ് മുറിയില്‍ കയറി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

Read more