'ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ നാണക്കേടുകൊണ്ട് എന്റെ തലകുനിയുന്നു': ക്രിസ്തുവിന്റെ പ്രതിമ മാറ്റിയ സംഭവത്തില്‍ ജാവേദ് അക്തര്‍

ബെംഗളൂരുവില്‍ യേശു ക്രിസ്തുവിന്റെ പ്രതിമ മാറ്റിയ സംഭവ സംഭവം അപലപനീയമാണെന്നും നാണക്കേടു കൊണ്ട് തന്റെ തല കുനിഞ്ഞു പോയെന്നും ജാവേദ് അക്തര്‍ പറഞ്ഞു. സർക്കാരിന്റെ നിർദേശ പ്രകാരം ബെംഗളൂരുവില്‍ നിന്ന് 40 കിമി അകലെയുള്ള ദേവനഹള്ളിയിലെ കുന്നിന്‍ മുകളില്‍ നിന്നാണ് പോലീസ് ക്രിസ്തുവിന്റെ പ്രതിമ മാറ്റിയത്.

“ഞാന്‍ ഒരു നിരീശ്വരവാദിയാണ്. എന്നിരുന്നാലും ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ നാണക്കേടു കൊണ്ട് എന്റെ തലകുനിയുകയാണ്. കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാനായി പോലീസ് ക്രെയിന്‍ ഉപയോഗിച്ചാണ് യേശു ക്രിസ്തുവിന്റെ പ്രതിമ മാറ്റിയത്”, ജാവേദ് അക്തർ പറയുന്നു.

സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് പ്രതിമ സ്ഥാപിച്ചതെന്ന ആരോപണങ്ങള്‍ തീവ്രഗ്രൂപ്പുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ സെമിത്തേരിക്കായി സർക്കാർ നല്‍കിയ ഭൂമിയിലാണ് പ്രതിമ നാട്ടിയതെന്നും ഇത്തരത്തിലുള്ള ഗ്രൂപ്പുകളുടെ ഇംഗിതത്തിന് വശംവദരായി സര്‍ക്കാരുകള്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും അതിരൂപത വക്താവ് ജെ എ കന്തരാജ്  മാധ്യമങ്ങളോട് പറഞ്ഞു.

മതപരിവര്‍ത്തനം നടത്തുന്നുവന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസിന്റെയും തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു മതപരിവര്‍ത്തനവും നടക്കുന്നില്ലെന്നും കന്തരാജ് പറഞ്ഞു.

യാതൊരു വിധ മുന്നറിയിപ്പോ നോട്ടീസോ നല്കാതെയാണ് പൊടുന്നനെ ഒരു ദിവസം വന്ന് പോലീസ് പ്രതിമ മാറ്റിയതെന്നും അത് അസ്വീകാര്യമാമെന്നും ബെംഗളൂരു ആര്‍ച്ച് ബിഷപ്പും പറഞ്ഞു. ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്ന തീരുമാനമാണിതെന്നും സാമുദായിക സൗഹൃദത്തിന് ഈ സംഭവം ഭംഗം വരുത്തുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.