ഐ.എന്‍.എക്സ് മീഡിയ കേസ്; ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഐ.എന്‍.എക്സ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ കോടതിക്ക് നല്‍കിയ മറുപടിയും കോടതി പരിഗണിക്കും. വിചാരണക്കോടതി നേരത്തെ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഐ.എന്‍.എക്സ് മീഡിയ ഗ്രൂപ്പിന് വേണ്ടി പരിധിയില്‍ കവിഞ്ഞ വിദേശനിക്ഷേപം അനുവദിച്ചതില്‍ അഴിമതി ആരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ഇരുപത് ദിവസത്തിലധികമായി മുന്‍ ധനമന്ത്രി പി ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അടുത്ത മാസം മൂന്ന് വരെയാണ് ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി. കേസില്‍ ചിദംബരം നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ചിദംബരത്തെ വിചാരണക്കോടതി തിഹാര്‍ ജയിലിലേക്ക് അയച്ചതോടെയാണ് ജാമ്യാപേക്ഷയുമായി ചിദംബരം ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്.

ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ ജാമ്യാപേക്ഷയെ എതിര്‍ത്തു. ജാമ്യാപേക്ഷയോടൊപ്പം സിബിഐയുടെ റിപ്പോര്‍ട്ടും ഇന്ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ ചുരുങ്ങിയത് അടുത്ത മാസം മൂന്ന് വരെ ചിദംബരത്തിന് തീഹാര്‍ ജയിലില്‍ തന്നെ കഴിയേണ്ടി വരും. ജാമ്യം നല്‍കിയാലും ഇതേ ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും ചിദംബരത്തിനെതിരെ നിയമനടപടികള്‍ ഉണ്ടായേക്കും.