അദാനി ഗ്രൂപ്പിനെതിരെ കേന്ദ്ര അന്വേഷണം; സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

ഓഹരി തട്ടിപ്പ് ആരോപണത്തില്‍ അദാനിക്കെതിരെ അന്വേഷണമാരംഭിച്ച് കേന്ദ്രം. കേന്ദ്ര കമ്പനികാര്യാലയമാണ് അന്വേഷണം നടത്തുന്നത്. കമ്പനി നിയമത്തിലെ സെക്ഷന്‍ 206 പ്രകാരം അദാനി ഗ്രൂപ്പില്‍ നിന്ന് വിവരങ്ങള്‍ തേടി.

ഗ്രൂപ്പ് സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളുമാണ് മന്ത്രാലയം പരിശോധിക്കുക. ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമുള്ള ആദ്യ അന്വേഷണമാണിത്.

അതേസമയം അദാനി ഗ്രൂപ്പിനെതിരായ ആരോപണത്തില്‍ സെബിയും പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് വിവരം. അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി.

പ്രതിസന്ധി അദാനിക്ക് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും പ്രതികരിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായ നഷ്ടം 10 ലക്ഷം കോടി കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, ഹിന്‍ഡന്‍ബര്‍ഗിനും സ്ഥാപകന്‍ ആന്‍ഡേഴ്‌സനുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അഡ്വ. എം.എല്‍. ശര്‍മ്മ ശര്‍മ മുഖേന പൊതുതാല്‍പര്യ ഹര്‍ജിയാണ് നല്‍കിയത്.