ജമ്മു കശ്മീരിലുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.
അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനും സംസ്ഥാനങ്ങളില്‍ മോക് ട്രില്ലുകള്‍ നടത്താനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മെയ് 7 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആക്രമണമുണ്ടായാല്‍ സ്വയരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവര്‍ക്ക് പരിശീലനം നല്‍കണം. എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പരിശീലനം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Read more
അടിയന്തിര സാഹചര്യങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന തലത്തില്‍ നവീകരിക്കുകയും അതിന്മേല്‍ പൊതുജനങ്ങള്‍ക്ക് പ്രായോഗിക പരിശീലനം ഉള്‍പ്പെടെ നല്‍കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിലുണ്ട്. പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളും തയ്യാറാക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.







