തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയുടെ വീട്ടിൽ സിബിഐ റെയ്ഡ്

തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ കൊൽക്കത്തയിലെ വീട്ടിൽ സിബിഐ റെയ്ഡ്. ചോദ്യത്തിനു കോഴ ആരോപണക്കേസിന്റെ പശ്ചാത്തലത്തിലാണു റെയ്ഡ്. മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐഎഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്.

മഹുവയ്‌ക്കെതിരായ ആരോപണം അന്വേഷിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ടു സമർപ്പിക്കണമെന്നു ലോക്പാൽ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ടായിരുന്നു. ആരോപണ വിധേയയ്‌ക്കെതിരായി ഉയർന്നിരിക്കുന്നതു കടുത്ത ആരോപണങ്ങളാണെന്നും വ്യക്തിയുടെ പദവിയെ പരിഗണിച്ചുനോക്കുമ്പോൾ അതു വളരെ ഗൗരവത്തിലെടുക്കേണ്ടതാണെന്നും ലോക്പാൽ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

2023 ഡിസംബർ എട്ടിനാണു പാർലമെൻ്റിൽ നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കുന്ന ചോദ്യങ്ങൾ ചോദിച്ചതിന് പകരമായി വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് മഹുവ പാർലമെന്റിൽനിന്നു പുറത്താക്കപ്പെടുന്നത്. ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു മഹുവയ്‌ക്കെതിരായ നടപടി.

കോഴ ആരോപണങ്ങൾ മൊയ്‌ത്ര നിഷേധിച്ചെങ്കിലും ലോഗിൻ വിശദാംശങ്ങൾ ദർശൻ ഹിരാനന്ദാനിയുമായി പങ്കിട്ടതായി സമ്മതിച്ചു. ഈ വിശദാംശങ്ങൾ പങ്കുവയ്ക്കുന്നത് എംപിമാർക്കിടയിൽ സാധാരണ രീതിയാണെന്നും അവർ വാദിച്ചിരുന്നു. പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചിരുന്നു.